new

തിരുവനന്തപുരം: പശ്ചിമഘട്ടത്തിൽ നിന്ന് പുതിയ സസ്യത്തെ കണ്ടെത്തി. 'അക്കാന്തേസിയ' സസ്യകുടുംബത്തിലെ അംഗമായ 'റങ്കിയലോൺജിഫോളിയ' എന്ന ശ്രീലങ്കൻ സസ്യത്തിന്റെ ഉപജാതിയായ ഇതിന് 'റങ്കിയലോൺജിഫോളിയ സബ്സ്പീഷ്‌ കേരളൻസിസ് ' എന്ന് പേരിട്ടു. പശ്ചിമഘട്ടത്തിലെ കേരള വനമേഖലയിൽ നിന്ന് കണ്ടെത്തിയതിയതിനാലാണ് 'കേരളൻസിസ് ' എന്ന പേരിട്ടത്.

കൊല്ലത്തെ ചെന്തുരുണി വന്യജീവിസങ്കേതത്തിലും തിരുവനന്തപുരം ബ്രൈമൂർ വനമേഖലയിലും മാത്രം കണ്ടുവരുന്ന ഈ സസ്യത്തെക്കുറിച്ചുള്ള ലേഖനം കേരളം സർവകലാശാല ബോട്ടണി വിഭാഗത്തിന്റെ ജേണൽ ആയ 'എബ്രഹാമിയ ഇന്റർനാഷണൽ ജേണൽ ഒഫ് പ്ലാന്റ് സയൻസിന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിക്കും. പാലോട് ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്​റ്റി​റ്റ്യൂട്ടിലെ ശാസ്ത്രജ്ഞരായ ഡോ ഇ.എസ്. സന്തോഷ്‌കുമാർ, ഡോ. സാം പി. മാത്യു, കേരള സർവകലാശാല ബൊട്ടാണിക്കൽ ഡിപ്പാർട്ട്മെന്റിലെ ഗവേഷകനായിരുന്ന ഡോ. ആർ.ജഗദീശൻ, കേരള സർവകലാശാല സെന്റർ ഫോർ ബയോഡൈവേഴ്സി​റ്റി ഡയറക്ടറായ ഡോ എം. ഗംഗാപ്രസാദ് എന്നിവരാണ് ഗവേഷണത്തിൽ പ്രവർത്തിച്ചവർ.

19 ഇനം മാത്രം

## റങ്കിയ എന്ന ജനുസിൽപെട്ട സസ്യം രാജ്യത്താകെ 19 ഇനമേയുള്ളൂ. ഇതിൽ 15 ഉം പശ്ചിമഘട്ടത്തിലാണ്.

## പിങ്കിൽ വെള്ള കലർന്ന നിറമുള്ള പൂക്കളാണ് ആകർഷണം. ആഗസ്റ്റ് മുതൽ ഫെബ്രുവരി വരെ മാത്രമേ സസ്യം നിലനിൽക്കാറുള്ളൂ.

## നിത്യഹരിത വനങ്ങളും ചോലക്കാടുകളും നിറഞ്ഞതാണ് ഇവയുടെ ആവാസവ്യവസ്ഥ.

ഇത് തെക്കൻ പശ്ചിമഘട്ടത്തിന്റെ മാത്രം പ്രത്യേകതയാണ്.

"ഈ സസ്യത്തിന്റെ ഔഷധഗുണങ്ങളും മ​റ്റും ഇനിയും ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ പുരോഗമിക്കുന്നു "

- ഡോ എം.എ. ഗംഗാപ്രസാദ്

ജൈവവൈവിധ്യ കേന്ദ്രം ഡയറക്ടർ, കേരള സർവകലാശാല