minister

കാസർകോട്: കൊവിഡ് മൂന്നാം തരംഗത്തിന്റെ സാദ്ധ്യതയ്ക്കിടെ കാസർകോട് ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്ത് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത് പുതിയ കാൽവെപ്പും മാതൃകയുമാണെന്ന് തദ്ദേശ സ്വയംഭരണ -എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. ചട്ടഞ്ചാലിലെ വ്യവസായ പാർക്കിൽ സ്ഥാപിക്കുന്ന ഓക്സിജൻ പ്ലാന്റിന്റെ തറക്കല്ലിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാജ്യ തലസ്ഥാനത്തുൾപ്പെടെ പല ഭാഗത്തും രണ്ടാം തരംഗത്തിൽ ഓക്സിജന്റെ അപര്യാപ്തത ജീവനെ ബാധിച്ചു. രണ്ടാം തരംഗത്തിൽ മരണങ്ങൾ ഏറെയുണ്ടായത് ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്നായിരുന്നു. അപ്പോഴും ഓക്സിജൻ ക്ഷാമം മൂലമുള്ള മരണങ്ങളില്ലാതെ കേരളത്തെ പിടിച്ച് നിർത്താൻ ഇവിടുത്തെ ആരോഗ്യ സംവിധാനത്തിനായെന്ന് മന്ത്രി പറഞ്ഞു.

സ്വകാര്യ വത്കരണ നയങ്ങൾക്കെതിരായി ആരോഗ്യ രംഗത്തുൾപ്പെടെ നടത്തിയ ബദൽ ഇടപെടൽ കൊണ്ടാണ് ഇതിന് സാദ്ധ്യമായത്. പൊതുമേഖലയിൽ കെ.എം.എം.എൽ 100 ദിവസം കൊണ്ടാണ് പ്ലാന്റ് ഉണ്ടാക്കിയത്. വ്യവസായങ്ങൾക്കൊപ്പം ആരോഗ്യ മേഖലയിലേക്കും ഇവിടുന്ന് ഓക്സിജൻ എത്തി. ഒരു ഘട്ടത്തിൽ കേരളത്തിന് പുറത്തേക്കും ഓക്സിജൻ നൽകാൻ സാധിച്ചു. മൂന്നാം തരംഗത്തിലും ഓക്സിജന്റെ ആവശ്യകത മുന്നിൽ കാണുന്നതിനാൽ സംസ്ഥാനത്താകെ 35 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനാണ് സർക്കാർ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

38.5 കോടി രൂപ മുതൽ മുടക്കിലാണിത്. ദീർഘവീക്ഷണത്തോടെ വരാൻ പോകുന്ന അപകടസാദ്ധ്യതകൾ മുന്നിൽക്കണ്ട് കൊണ്ടാണ് പ്ലാന്റുകൾ സ്ഥാപിക്കുന്നത്. സർക്കാർ ജനങ്ങൾക്കൊപ്പം കരുത്തായി മുന്നോട്ട് പോകുകയാണ്. യഥേഷ്ടം ഓക്സിജൻ ഉത്പാദനം കേരളത്തിൽ സാദ്ധ്യമാകണമെന്നും അതിന് മുൻകൈയെടുത്ത കാസർകോട്ടെ തദ്ദേശ സ്ഥാപനങ്ങളെ അഭിനന്ദിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഓൺലൈനായി നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിയുടെ പ്രസംഗം അവസാനിച്ചയുടൻ പദ്ധതി പ്രദേശത്ത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ചേർന്ന് ശിലാസ്ഥാപനം നടത്തി.

ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. അന്തരീക്ഷത്തിൽ നിന്നും ഓക്സിജൻ ഉത്പാദിപ്പിക്കുന്ന പ്ലാന്റിൽ നിന്നും പ്രതിദിനം 200 സിലിണ്ടറുകൾ ലഭിക്കുമെന്നും സ്വകാര്യ മേഖലയിൽ ഓക്സിജൻ പ്ലാന്റിനുള്ള ചർച്ചകൾ നടക്കുന്നതായും ജില്ലാ കളക്ടർ പറഞ്ഞു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ജില്ലാ പഞ്ചായത്തിന്റെ ടെലി മെഡിസിൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പൾസ് ഓക്സീമീറ്ററുകളുടെ വിതരണം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ ഇ. ചന്ദ്രശേഖരൻ, എം. രാജഗോപാലൻ, എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ സ്വഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാർ നന്ദിയും പറഞ്ഞു.