തിരുവനന്തപുരം: തുമ്പൂർമുഴി മുതൽ മലക്കപ്പാറ വരെയുള്ള പ്രദേശത്തിന്റെ ടൂറിസം പ്രാധാന്യം കൂടി ഉൾക്കൊണ്ട് 'കാലടി മലയാറ്റൂർ അതിരപ്പിള്ളി ടൂറിസം സർക്യൂട്ട്' വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ ടൂറിസം വകുപ്പ് തയ്യാറാക്കിയിട്ടുണ്ടെന്ന് സനീഷ് കുമാർ ജോസഫ് ഉന്നയിച്ച സബ്മിഷന് മറുപടിയായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു.
ഈ മാസ്റ്റർപ്ലാനിൽ, തുമ്പൂർമുഴിയിൽ ടൂറിസം ഫാം, അതിരപ്പിള്ളിയിൽ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ പിള്ളപ്പാറയിൽ വാഹനപാർക്കിംഗ് സൗകര്യം, തുമ്പൂർമുഴി ഫാം മുതൽ അതിരപ്പിള്ളി പാർക്കിംഗ് ഏരിയ വരെ സൈക്കിൾ ട്രാക്ക് എന്നിവ ഉൾപ്പെടുന്നു. കൂടാതെ, അതിരപ്പിള്ളിയിൽ 10 കോടി രൂപ ചെലവിൽ നിർമിക്കുന്ന 25 മുറികളുള്ള യാത്രിനിവാസിന്റെ നിർമ്മാണം പരോഗമിക്കുകയാണ്. മലക്കപ്പാറയിൽ 98.49 ലക്ഷം രൂപ ചെലവിൽ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിന്റെ നിർമാണം ആരംഭിച്ചുവെങ്കിലും ഭൂമിയെച്ചൊല്ലിയുള്ള എതിർപ്പിനെ തുടർന്ന് പ്രവൃത്തി തടസ്സപ്പെട്ടിരിക്കുകയാണ്.
ടൂറിസം വികസനസാധ്യതകൾ പ്രായോഗികതലത്തിൽ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനായി തുമ്പൂർമുഴി മുതൽ മലക്കപ്പാറവരെയുള്ള പ്രദേശത്ത് സാധ്യതാപഠനം നടത്തുമെന്നും മന്ത്രി അറിയിച്ചു.