കുളത്തൂർ: ടെക്നോപാർക്ക് മൂന്നാംഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കഴക്കൂട്ടം ഭാഗത്ത് നിന്നെത്തുന്ന തെറ്റിയാർ തോടിന്റെ ആറ്റിപ്ര കല്ലിംഗൽ ഭാഗത്തെ കൈത്തോട് ഗതിമാറ്റി വിടാനുള്ള നിർമ്മാണം ഇന്നലെ ആരംഭിച്ചു. ഏറെ നാളുകളായി പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും എതിർത്തിരുന്ന തോടിന്റെ ഗതിമാറ്റൽ പദ്ധതി, ഇറിഗേഷൻ വകുപ്പിന്റെയും ജില്ലാ കളക്ടറുടെയും പ്രത്യേക ഉത്തരവുമായെത്തിയാണ് പാർക്ക് അധികൃതർ ആരംഭിച്ചത്.

പൊലീസിന്റെ സുരക്ഷയോടെയാണ് നിർമ്മാണം. ആറ്റിൻകുഴി - കല്ലിംഗൽ റോഡിന് സമാന്തരമായാണ് 4.5 മീറ്ററിൽ പുതിയ തോട് ജെ.സി.ബി ഉപയോഗിച്ച് നിർമ്മിക്കുന്നത്. പുതിയ ഗതിമാറ്റൽ പ്രദേശത്തെ ജനവാസമേഖലയിൽ അതിരൂക്ഷമായ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി ആറ്റിപ്ര അനിലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരെത്തി പ്രതിഷേധിച്ചു. പൊലീസിന്റെ ഒത്താശയോടെയാണ് തർക്കമുള്ള സ്ഥലത്ത് നിർമ്മാണം ആരംഭിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. തർക്ക സ്ഥലത്തിന് കിഴക്ക് ഭാഗത്തായി മുമ്പുണ്ടായിരുന്ന റോഡ് പുനഃസ്ഥാപിക്കാമെന്ന കരാ‌ർ പാർക്ക് അധികൃതർ പാലിച്ചില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

കോൺഗ്രസ്‌ നേതാക്കളായ കുളത്തൂർ അജയൻ, കാട്ടിൽ ചന്ദ്രൻ, സജിത്ത് എൻ. നായർ, അനു ഏർനെസ്റ്റ്, രഞ്ജിത്ത്, കൈലാസ്, ജിതിൻ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു. തെറ്റിയാറിന്റെ രണ്ട് കൈവഴികൾ തമ്മിൽ ബന്ധിപ്പിച്ചാണ് പുതിയ കൈത്തോട് നിർമ്മിക്കുന്നതെന്നും തോടിന്റെ ഗതി മാറ്റലിനൊപ്പം കൊച്ചുപാലം മുതൽ കുശമുട്ടം ക്ഷേത്രം വരെയുള്ള റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങളും ഉടൻ ആരംഭിക്കുമെന്നും പാർക്ക് അധികൃതർ പറഞ്ഞു.