1

പോത്തൻകോട്: ചുവപ്പും കറുപ്പും നിറങ്ങൾ ഇടകലർന്ന സുന്ദരനാണ് ഈ വണ്ട്. പേര് കേട്ടാൽ മോടി കുറച്ചുകൂടി കൂടും,​ ബ്ലിസ്റ്റർ ബീറ്റിൽ. പക്ഷേ,​ സൗന്ദര്യം കണ്ട് തൊടാൻ നോക്കിയാൽ പൊള്ളുമെന്ന് മാത്രം. സംസ്ഥാനത്ത് നിരവധി പേരാണ് ഇവന്റെ ആക്രമണത്തിന് ഇരയായി ചികിത്സ തേടിയെത്തുന്നത്. ഈ വണ്ടിന്റെ ആക്രമണത്തിൽ കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് എറണാകുളം തൃക്കാക്കരയിൽ മാത്രം ഇരുന്നൂറോളം പേർ ചികിത്സ തേടിയിരുന്നു.

 പൊള്ളും വണ്ട്

നാട്ടിൻപുറത്ത് ഇവന്റെ വിളിപ്പേര് പൊള്ളും വണ്ട് എന്നാണ്. മെലോയ്‌ഡെ (Meloidae) കുടുംബത്തിൽപ്പെട്ട ഷഡ്പദമായ ഇവ സ്‌പാനിഷ് ഫ്ളൈ എന്നും അറിയപ്പെടുന്നു. പേരു സൂചിപ്പിക്കും പോലെ ആളെ പൊള്ളിക്കലാണ് ഈ വണ്ടിന്റെ പരിപാടി. ശത്രുക്കളിൽ നിന്നു രക്ഷ നേടാൻ ഇവ വിസർജിക്കുന്ന അമ്ലാംശവും കടുത്ത വിഷവുമുള്ള സ്രവം മനുഷ്യ ചർമത്തിൽ പുരണ്ടാൽ തീപ്പൊരി തെറിച്ചു വീണതു പോലെ പൊള്ളും. പിന്നെ അധികം കഴിയും മുമ്പേ അവിടം പഴുക്കുകയും ചെയ്യും. കൃത്യസമയത്തു വൈദ്യസഹായം തേടിയില്ലെങ്കിൽ കുഴപ്പമാകും.

 മഴയോട് പ്രിയം

പ്രജനനം നടക്കുന്ന മഴക്കാലത്താണ് കൂടുതലായും ഈ വണ്ടുകൾ സവാരിക്കിറങ്ങുക. സംസ്ഥാനത്ത് വേനൽ മഴയും ന്യൂനമർദ്ദവും കാലവർ‌ഷവും എത്തിയതോടെ ഇവയുടെ പൊള്ളലേറ്റു ചർമ്മരോഗ ഡോക്ടർമാരെ തേടിയെത്തുന്നവരുടെ എണ്ണം നാൾക്കു നാൾ വർദ്ധിച്ചു വരുന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പകൽ സമയത്ത് പുറത്തിറങ്ങാത്ത ഇവ രാത്രിയിൽ ശക്തമായ പ്രകാശമുള്ള സ്ഥലങ്ങളിലേക്കു പറന്നെത്തും. ഹാലജൻ, എൽ.ഇ.ഡി തുടങ്ങിയവയുടെ വെളിച്ചത്തോടാണ് കൂടുതൽ പ്രിയം. ശരീരത്തേക്കു പറന്നു വീഴുമ്പോൾ അടിച്ചു കൊല്ലാൻ ശ്രമിക്കുകയോ തട്ടിയെറിയുകയോ ചെയ്യുമ്പോഴാണ് ഇവ പ്രാണരക്ഷാർഥം സ്രവം പ്രയോഗിക്കുന്നത്. 'കാന്താരിഡിൻ' എന്ന വിഷവസ്തുവാണ് സ്രവത്തിലുള്ളത്. ഇതിനു മണമോ നിറമോ ഇല്ല. ശരീരത്തിൽ പുരണ്ടാൽ തിരിച്ചറിയാനുമാകില്ല. എന്നാൽ, അൽപസമയത്തിനകം സ്രവം പുരണ്ട ഭാഗം ചുവപ്പു നിറത്തിലായി ചെറുകുമിളകൾ പ്രത്യക്ഷപ്പെടും. ഇവ പൊട്ടിപ്പഴുക്കുകയും പിന്നാലെ പൊള്ളലേറ്റതു പോലുള്ള മുറിവായി മാറുകയും ചെയ്യും. വായിലൂടെ അബദ്ധത്തിൽ മനുഷ്യശരീരത്തിനുള്ളിൽ കടന്നാൽ ഇതിന്റെ വിഷം വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും ചെയ്യും.

രാത്രിയിൽ ശ്രദ്ധ വേണം

 രാത്രിയിൽ വരാന്തയിലോ ബാൽക്കണിയിലോ ഇരിക്കുന്നവർ ശ്രദ്ധിക്കണം
 ഇരുട്ടുമുറികളിൽ മൊബൈൽ, ലാപ്‌ടോപ് എന്നിവ ഓൺ ചെയ്താൽ അതിനു ചുറ്റുമുള്ള വെളിച്ചത്തിലേക്ക് ഇവയെത്തും
 ശരീരത്തിൽ പ്രാണികൾ വന്നിരുന്നാൽ തട്ടി നീക്കരുത്. സ്‌പർശിക്കാതെ കുടഞ്ഞുകളയണം

 സ്രവം പുരണ്ടു പൊള്ളിയാൽ ആ ഭാഗം ശക്തി കുറഞ്ഞ സോപ്പ് ലായനിയും വെള്ളവും ഉപയോഗിച്ചു വൃത്തിയാക്കണം
പൊള്ളലേറ്റ ഭാഗത്ത് ദിവസം നാലോ അഞ്ചോ തവണ ഐസോ തണുത്ത വെള്ളമോ ഉപയോഗിച്ച് കഴുകുന്നത് വിഷാംശത്തിന്റെ തീവ്രത കുറയ്ക്കും
 രാത്രിയിൽ കിടക്ക പരിശോധിച്ചു പ്രാണികളില്ല എന്നുറപ്പാക്കുകയും വാതിലും ജനലുകളും അടച്ചിടുകയും വേണം

കണ്ണിലും മുഖത്തും സ്രവമേറ്റാലും ആഴത്തിൽ മുറിവുണ്ടായാലും ഉടൻ ഡോക്ടറെ കണ്ട് ചികിത്സ തേടണം

ഡോ.സൗമ്യ ജഗദീശൻ,​ കൺസൾട്ടന്റ്‌ ഡെർമറ്റോളജിസ്റ്റ്

അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ്