കോവളം: തിരുവല്ലം വേങ്കറയിൽ നിർമ്മാണം നടക്കുന്ന ടോൾ പ്ലാസയിലെ ഗോവണിയിൽ നിന്ന് താഴെ വീണ് അന്യസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്. ബംഗാൾ സ്വദേശി ഡാലുവിനാണ് (30) തലയ്‌ക്ക് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 7ഓടൊണ് അപകടം. ടോൾ പ്ലാസയുടെ ഏറ്റവും മുകളിലത്തെ നിലയിൽ കോൺക്രീറ്റ് ചെയ്‌ത ഭാഗത്ത് ഡാലു വെള്ളമൊഴിക്കുകയായിരുന്നു. ഭക്ഷണവുമായി കരാർ കമ്പനിയുടെ വാഹനമെത്തിയപ്പോൾ താഴേക്ക് ഇറങ്ങവെ ഗോവണിയിൽ നിന്ന് വഴുതിവീണെന്നാണ് നാട്ടുകാർ പറയുന്നത്.
ഇയാളെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ബോധം നഷ്ടപ്പെട്ടതിനാൽ തിരുവല്ലം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിഴിഞ്ഞം അഗ്നിരക്ഷാസേനയിലെ അസി. സ്റ്റേഷൻ ഓഫീസർ എസ്. ജയന്റെ നേതൃത്വത്തിൽ ഹരിപ്രസാദ്, രതീഷ്, ദീപു, ലൈജു, ബിജിൽ എന്നിവർ വലയുപയോഗിച്ച് ഇയാളെ താഴെ എത്തിച്ചു. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.