വിതുര: വിതുര ഡിപ്പോയിൽ നിലവിലുണ്ടായിരുന്ന മുഴുവൻ ബസുകളും നിലനിറുത്തുമെന്ന് ജി. സ്റ്റീഫൻ എം.എൽ.എ. ഡിപ്പോയിലെ പ്രവർത്തനം പഴയപടിയാക്കുമെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു. മലയോരമേഖലയിലെ യാത്രാക്ലേശം പരിഹരിക്കാൻ വിതുര കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച ഡിപ്പോ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന് ചൂണ്ടിക്കാട്ടി മേയ് 2ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഡിപ്പോയിൽ നിലവിലുള്ള ബസുകൾ കാരണം കൂടാതെ ലോക്ക് ഡൗണിന്റെ മറവിൽ ഇവിടെനിന്നും മാറ്റുന്നുവെന്നും, ഇതുവരെ 13 ബസുകൾ ഡിപ്പോയിൽ നിന്നും കൊണ്ടുപോയെന്നും വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് എം.എൽ.എ അടിയന്തരമായി വകുപ്പ് മന്ത്രി ആന്റണിരാജുവുമായി ബന്ധപ്പെടുകയും ഡിപ്പോയുടെ അവസ്ഥയെ കുറിച്ച് ധരിപ്പിക്കുകയും ചെയ്യുകയായിരുന്നു. വിതുര ഡിപ്പോയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് സ്റ്റീഫൻ ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥരുമായും കാര്യങ്ങൾ ചർച്ച ചെയ്തു. അരുവിക്കര നിയോജകമണ്ഡലത്തിലെ മുഴുവൻ ഡിപ്പോകളിലും ഉടൻ സന്ദർശനം നടത്തി പ്രവർത്തനങ്ങളെ കുറിച്ച് ചർച്ചചെയ്ത് വിവരങ്ങൾ മന്ത്രിയെ ധരിപ്പിക്കുമെന്നും മലയോരമേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഡിപ്പോയും അടച്ചുപൂട്ടാൻ അനുവദിക്കില്ലെന്നും സ്റ്റീഫൻ പറഞ്ഞു.
ബസുകൾ മടക്കിക്കൊണ്ടുവരും
ഡിപ്പോയിൽ നിന്നും കൊണ്ടുപോയ ബസുകൾ ലോക്ക് ഡൗൺ കഴിഞ്ഞാലുടൻ മടക്കിക്കൊണ്ടുവരാൻ അടിയന്തര നടപടികൾ സ്വീകരിക്കും. 42 ബസുകളാണ് വിതുര ഡിപ്പോയിൽ ഉണ്ടായിരുന്നത്. പിൻവലിക്കൽ തുടർന്നതോടെ ഇപ്പോൾ എണ്ണം 27 ആയി കുറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം ലോക്ക് ഡൗൺ നിലവിൽ വന്നതോടെയാണ് ബസുകൾ പിൻവലിച്ചുതുടങ്ങിയത്. ഇതോടെ മലയോരമേഖലയിൽ യാത്രാക്ലേശം ഇരട്ടിച്ചു. കഴിഞ്ഞ ലോക്ക് ഡൗൺകാലത്തിന് ശേഷം സർവീസ് പുനരാരംഭിച്ചപ്പോൾ നാമമാത്രമായ സർവീസുകളാണ് വിതുര ഡിപ്പോയിൽ നിന്നും ആരംഭിച്ചത്. പ്രധാന റൂട്ടുകളിൽ പോലും വേണ്ടത്ര ബസ് സർവീസ് നടത്തിയിരുന്നില്ല.
ഡിപ്പോയിൽ ഉണ്ടായിരുന്നത്.............. 42 ബസുകൾ
പിൻവലിച്ചത്........................ 13
നിലവിൽ ഉള്ളത്............ 27
ഡിപ്പോ ആരംഭിച്ചത്.............. 2000ൽ
വിതുര, തൊളിക്കോട്, ആര്യനാട്, പഞ്ചായത്തുകളിലേയും ആദിവാസി, തോട്ടം മേഖലകളിലേയും യാത്രാക്ലേശം പരിഹരിക്കുന്നതിനായി 2000ൽ സി.കെ. നാണു ഉദ്ഘാടനം ചെയ്ത ഡിപ്പോ 20 വർഷത്തോളം വിതുര, തൊളിക്കോട് മേഖലയിലെ യാത്രക്കാർക്ക് ഏറെ അനുഗ്രഹമായിരുന്നു.
വീണ്ടും ബസ് കൊണ്ടുപോകാൻ നീക്കം; ഡി.വൈ.എഫ്.ഐ തടഞ്ഞു
വിതുര ഡിപ്പോയിൽ നിന്നും കഴിഞ്ഞ ദിവസം വീണ്ടും ബസ് കൊണ്ടുപോകാനുള്ള നീക്കം ഡി.വൈ.എഫ്.ഐ തടഞ്ഞു. സി.പി.എം വിതുര ലോക്കൽ കമ്മിറ്റി അംഗം എ.വി. അരുൺ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിസുഭാഷ്, പ്രസിഡന്റ് ആർ.ജി.സുർജിത് ട്രഷറർ അജിത് ജോയി, ഷാഫി, മുകേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തടഞ്ഞത്. തുടർന്ന് ജി. സ്റ്റീഫൻ എം.എൽ.എ, സി.പി.എം വിതുര ഏരിയാസെക്രട്ടറി എൻ. ഷൗക്കത്തലി, വിതുര ലോക്കൽകമ്മിറ്റിസെക്രട്ടറി എസ്.എൻ. അനിൽകുമാർ എന്നിവർ ട്രാൻസ്പോർട്ട് അധികൃതരുമായി നടത്തിയ ചർച്ചയിൽ ഡിപ്പോയിൽ നിന്നും ഒരു ബസും മുടങ്ങില്ലെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.
പടം
വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും കഴിഞ്ഞ ദിവസം വീണ്ടും ബസ് കൊണ്ടുപോകാനുള്ള നീക്കത്തെ ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ തടഞ്ഞപ്പോൾ