puthalam-bridge

കളമശേരി: ഏലൂർ നഗരസഭയേയും കളമശേരി നഗരസഭയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പുത്തലത്ത് കടവ് പാലത്തിന്റെ ഇരുവശത്തും സ്ഥാപിച്ചിരുന്ന ഉരുക്കിന്റെ ക്രോസ് ബാർ നശിപ്പിച്ച നിലയിൽ. ഒരു ഭാഗത്തെ ക്രോസ് ബാർ കാണാനില്ല. മറുവശത്തേത് വളച്ചു തകരാറിലാക്കി വച്ചിരിക്കുകയാണ്. ടെംമ്പോ പോലുള്ള വലിയ വാഹനങ്ങൾ പോകാതിരിക്കാനാണ് നഗരസഭ ക്രോസ് ബാർ പിടിപ്പിച്ചത്. വലിയ വാഹനങ്ങളും അമിതഭാരവും താങ്ങാനുള്ള ശേഷി പാലത്തിനില്ല. ട്രിപ്പിൾ ലോക്ക്ഡൗൺ സമയത്താണ് നശിപ്പിക്കപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു.

കളമശേരി ഭാഗത്തേക്കുള്ള പാലത്തിന്റെ അപ്രോച്ച് റോഡ് സമീപത്തെ ഫ്ളാറ്റ് ഉടമകൾ കൈയേറാനുള്ള ശ്രമമുണ്ടായപ്പോൾ മുൻ കൗൺസിലർ സാദിക്കിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ എതിർത്തതിനെ തുടർന്ന് പിന്തിരിഞ്ഞു. കണ്ടെയ്നർ റോഡ് സിഗ്നൽ ഭാഗത്ത് നിന്ന് കണ്ടെയ്നർ ലോറികൾ വഴി തെറ്റി പുത്തലം റോഡിലൂടെ വരുന്നതും ഇലക്ട്രിക് ലൈനുകളും കേബിൾ ടിവി ലൈനുകളും താറുമാറാക്കുന്നതും നിത്യസംഭവമായതിനാൽ അതിനും ഒരു പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.