കണ്ണൂർ: മലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് പ്രതീക്ഷയേകി തലശ്ശേരി-മൈസൂർ റെയിൽ പാതയെ ചൊല്ലിയുള്ള ആലോചന വീണ്ടും ഉയരുകയാണ്. ഇതിനിടെ ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോൾ നാട്ടുകാരെ പ്രയാസത്തിലാക്കാതെ 'മെട്രോ' മോഡലിൽ മാന്യമായ നഷ്ട പരിഹാരം തന്നെ ഉറപ്പാക്കണമെന്നും ആവശ്യം ഉയരുകയാണ്.
ഒന്നാം ലോക മഹായുദ്ധം കാരണം ബ്രിട്ടീഷുകാർക്ക് നടപ്പാക്കാൻ കഴിയാത്ത പദ്ധതിയായിരുന്നു തലശ്ശേരി- മൈസൂർ റെയിൽ. മലഞ്ചരക്കുകൾ ഇറക്കുമതിചെയ്യുന്നതിനും ഉണക്ക് മത്സ്യം കയറ്റുമതി ചെയ്യുന്നതിനുമാണ് 1907ൽ ബ്രിട്ടീഷ് ഭരണാധികാരികൾ ഇത്തരം ആലോചന നടത്തിയത്. പിന്നീട് ആദ്യ റെയിൽവേ മന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രി കാർ മാർഗ്ഗം മൈസൂരിൽ നിന്ന് തലശ്ശേരി വരെ സന്ദർശനം നടത്തി റെയിൽപാത ആവശ്യമെന്ന് വിലയിരുത്തി. അദ്ദേഹം തുടർന്ന് പ്രധാനമന്ത്രി വരെയായെങ്കിലും യാദൃശ്ചികമായി മരിച്ചതോടെ ഇത് ഏറ്റെടുക്കാൻ ആളുണ്ടായില്ല. പിന്നീട് 1990 കളിലാണ് വീണ്ടും തലശേരി-മൈസൂർ റെയിൽ പാത ചർച്ചയായത്. രണ്ട് സർവേകൾ നടത്തിയെങ്കിലും തുടക്കത്തിലേ പാരകളുണ്ടായി.
297 കിലോ മീറ്ററും 247 കിലോ മീറ്ററുമാണ് കണക്കാക്കിയിരുന്നത്. റോഡ് മാർഗ്ഗം 175ൽ താഴെ മതിയെന്നിരിക്കേയാണിത്. തുടർന്ന് ജനകീയ കൗൺസിൽ നടത്തിയ സർവേയിൽ തലശ്ശേരി-കൂത്ത്പറമ്പ്-മട്ടന്നൂർ-ഇരിട്ടി-കുടകിലെ തിത്ത് മത്തി, പൊന്നം പേട്ട വഴി മൈസൂരിലേക്ക് 183 കിലോ മീറ്റർ മതിയെന്ന് കണ്ടെത്തി. പക്ഷെ, പിന്നീട് ഇത് ഏറ്റെടുക്കാനും ആരും തയ്യാറായില്ല.
2017ൽ മെട്രോ ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ 18 ആവശ്യങ്ങളിൽ എട്ടാമത്തെ ആവശ്യമായി തലശ്ശേരി-മൈസൂർ റെയിൽ. ഇതോടെയാണ് വീണ്ടും ചർച്ച ആരംഭിച്ചത്. ഇപ്പോൾ കേരളാ റെയിൽ ഡവലപ്‌മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിൽ കൊങ്കൺ റെയിൽവേ അധികൃതരുമായി സഹകരിച്ച് സർവേ നടത്തുന്നതിനിടെ ഭൂമി നഷ്ടപ്പെടുന്നതിനെ ചൊല്ലി ജനങ്ങൾക്കിടയിൽ ആശങ്ക ഉയരുകയാണ്. 114 വർഷങ്ങളുടെ ഈ സ്വപ്ന പദ്ധതി ഒരിക്കലും നഷ്ടമാകരുതെന്നും അതിനാൽ ജനങ്ങളെ തൃപ്തിപ്പെടുത്തി ഭൂമി ഏറ്റെടുക്കണമെന്നും തലശ്ശേരി-മൈസൂർ റെയിൽ ആക്ഷൻ ഫോറം ചെയർമാൻ കെ.വി. ഗോകുൽ ദാസ് പറഞ്ഞു.
ട്രെയിൻ മാർഗ്ഗം മൈസൂരിലേക്ക് പോവണമെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഷൊർണൂരിൽ നിന്ന് പാലക്കാട് - കോയമ്പത്തൂർ-ഈ റോഡ്- സേലം -ധർമ്മപുരി-ഹൊസൂർബ-ബാംഗ്ലൂർ വഴി മൈസൂരിലേക്കെത്താൻ 617 കിലോ മീറ്റർ യാത്ര ചെയ്യണം. തലശ്ശേരി-മൈസൂർ പാത യാഥാർത്ഥ്യമായാൽ തലശ്ശേരി-മാനന്തവാടി വഴി മൈസൂരിലേക്ക് പരമാവധി 240 കിലോ മീറ്ററുകളാണ്. ഷൊറണൂരിൽ നിന്ന് തലശ്ശേരിയിലെത്താൻ മാത്രം 154 കിലോ മീറ്ററാണ് ദൂരം. അങ്ങനെ വരുമ്പോൾ പാലക്കാട് വഴി മൈസൂരിലെത്താൻ 617 കിലോ മീറ്റർ സഞ്ചരിക്കണം. പാത വന്നാൽ 223 കിലോ മീറ്റർ സഞ്ചരിക്കേണ്ട സമയം ലാഭിക്കാം.
മംഗലാപുരം-ഹാസൻ-സുബ്രഹ്മണ്യപുര വഴി പോകുന്ന ട്രെയിനും മൈസൂരിലെത്താൻ15 മണിക്കൂറോളം സമയമെടുക്കുന്നുണ്ട്. ഇത് പകുതിയിൽ താഴെയായി കുറയും. കൊങ്കൺറൂട്ടിൽ ഒറ്റവരി പാതയായതിനാൽ മഴക്കാലങ്ങളിൽ മണ്ണിടിച്ചിലും സാധാരണമാണ്. തലശ്ശേരി-മൈസൂർ പാത വന്നാൽ ഇതിന് പരിഹാരമുണ്ടാവും. കൊങ്കൺ വഴി പോവേണ്ട ദീർഘദൂര ട്രെയിനുകൾക്ക് തലശ്ശേരി- മൈസൂർ പാത വഴി ഉദ്ദേശിക്കുന്ന സ്ഥലങ്ങളിലേക്ക് വഴി തിരിച്ച് വിടാം. തലശ്ശേരി റെയിൽവേ സ്റ്റേഷന് 50 ഏക്കർ സ്ഥലം ഉള്ളതിനാൽ ഒരു ജംഗ്ഷന് വേണ്ട സൗകര്യവുമുണ്ട്.
ടൂറിസം മേഖലയിലും വ്യവസായ- കായിക-മെഡിക്കൽ രംഗങ്ങളിലും കണ്ണൂർ ജില്ലയ്ക്കും മലബാറിന് മൊത്തത്തിലും വികസന സാദ്ധ്യതകളേറെയാണ്. ഏഷ്യയിൽ ഒന്നാമതും ലോകത്തിലെ ആറ് ഡ്രൈവ് ഇൻ ബീച്ചുകളിലൊന്നുമായി അറിയപ്പെടുന്ന മുഴപ്പിലങ്ങാട് ബീച്ച് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 കിലോ മീറ്റർ മാത്രം അകലെയാണ്. മലബാർ കാൻസർ സെന്റർ 4 കിലോ മീറ്റർ മാത്രം അകലെയാണ്. റെയിൽവേ സ്റ്റേഷനിൽ നിന്ന് 4 കിലോമീറ്റർ മാത്രം അകലമുള്ള ധർമ്മടം ഗവ: ബ്രണ്ണൻ കോളേജിന്റെ അധീനതയിലുള്ള സ്ഥലത്ത് 'സായ്' യുടെ ആഭിമുഖ്യത്തിൽ പണി പൂർത്തിയാകുന്ന അത്യാധുനിക രീതിയിലുള്ള സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം കായിക മുന്നേറ്റത്തിന് കുതിപ്പേകും. പഴയ കാലത്ത് ഉണക്ക് മത്സ്യംകയറ്റി അയക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിൽ ഇന്ന് തലായി, അഴീക്കൽ, ചോറോട്, ഹാർബറുകളിലൂടെ ഫ്രഷ് മത്സ്യം തന്നെ അതിവേഗം കയറ്റി അയക്കാൻ സാധിക്കും. ലോകപ്രശസ്തമായ മലപ്പുറത്തെ കോട്ടയ്ക്കൽ ആര്യവൈദ്യശാല ഉപയോഗപ്പെടുത്താനും വടകരയുടെ കടത്തനാടൻ ചരിത്രം ഹൃദ്വിസ്ഥമാക്കാനും മൈസൂരിന്റെയുൾപ്പെടെ ജനങ്ങൾക്ക് എളുപ്പമാകും.