കിളിമാനൂർ: അടൂർ പ്രകാശ് എം.പിയുടെ ഇടപെടൽ മൂലം അസാം സ്വദേശിക്ക് കിളിമാനൂർ സമത്വ തീരത്ത് അന്ത്യവിശ്രമം. മംഗലാപുരം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അനിൽ റാബ(26) എന്ന അസാം സ്വദേശി ഒരാഴ്ചയായി അസുഖ ബാധിതനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ മരിച്ചു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ കഴിയാത്തതിനാൽ അടൂർ പ്രകാശ് എം.പി ഇടപെടുകയും പഴയകുന്നുമ്മൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അടയമൺ മുരളീധരനെ അറിയിക്കുകയും ചെയ്തു. തുടർന്ന് കിളിമാനൂർ കാനറ സമത്വ തീരം പൊതുശ്മശാനത്തിൽ സംസ്കാരത്തിനുള്ള സൗകര്യമൊരുക്കി.
തുടർന്ന് പഴയകുന്നുമ്മൽ വാർഡ് മെമ്പറായ ശ്രീലത ടീച്ചർ, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹി അഗത്, ചെമ്പകമംഗലം മണ്ഡലം പ്രസിഡന്റ് ജി. ഗോപകുമാർ, കോൺഗ്രസ് സേവാദൾ മണ്ഡലം പ്രസിഡന്റ് ഷിബു, കമ്പനി പ്രതിനിധി ഭുവനചന്ദ്രൻ നായർ എന്നിവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു.