നാഗർകോവിൽ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ അടച്ചിട്ട മദ്യശാലകൾ തുറക്കാത്ത കാരണത്താൽ ആയുർവേദ കടകളിൽ അരിഷ്ട വില്പന പൊടിപൊടിക്കുന്നു. അരിഷ്ടത്തിൽ ആൽക്കഹോളിന്റെ അംശം ഉള്ളതിനാലാണ് മദ്യപ്രേമികൾ അരിഷ്ടം വാങ്ങി കുടിക്കുന്നത്. എന്നാൽ അരിഷ്ടം വാങ്ങാൻ ആളുകൾ കൂടിയതോടെ ആയുർവേദ കടകളിൽ ഡോക്ടറിന്റെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രമേ അരിഷ്ടം നൽകാവൂ എന്ന് പൊലീസ് താകീത് നൽകിയെങ്കിലും കട ഉടമകൾ അത് കാര്യമാക്കാതെ വില്പന നടത്തുന്നുണ്ടെന്നാണ് പരാതി. മേല്പുറം, കഴുവൻതിട്ട, കളിയിക്കാവിള, മാർത്താണ്ഡം എന്നീ സ്ഥലങ്ങളിലെ ആയുർവേദകടകളിൽ അമിത വിലയ്ക്കും ഡോക്ടറുടെ കുറിപ്പടിയില്ലാതെ അരിഷ്ടവില്പന നടന്നുവരുന്നു. ഉടൻ തന്നെ ഉദ്യോഗസ്ഥർ ഇതിനിടെ നടപടി സ്വീകരിച്ചില്ലെങ്കിൽ അരിഷ്ട പ്രേമികളുടെ ജീവന് തന്നെ അപകടത്തിലാകും.
ലഹരിക്കൊപ്പം അസുഖവും
മദ്യത്തിന് പകരം അരിഷ്ടം വാങ്ങി കുടിച്ചവർക്ക് മറ്റ് അസുഖങ്ങളും ഉണ്ടാകുന്നുണ്ട്. വയറിളക്കം, ശർദി, വയറുവേദന തുടങ്ങിയ അസുഖങ്ങളാണ് പൊതുവായി കാണുന്നത്. അമിത അരിഷ്ടം കുടിക്കുന്നത് കരളിനെ ബാധിക്കുമെന്നും ആയുർവേദ ഡോക്ടർമാർ പറയുന്നുണ്ട്. കരൾ രോഗങ്ങൾ കൂടാതെ നെഞ്ചിരിച്ചൽ അസിഡിറ്റി തുടങ്ങിയ വിവിധ രോഗങ്ങളും ഇവ കാരണം ഉണ്ടാകും.
മദ്യവില്പനയ്ക്കും മാറ്റമില്ല
സർക്കാർ ബാറുക്കുകൾ അടച്ചുപൂട്ടിയെങ്കിലും ചില സ്വകാര്യ ബാർ ഉടമകൾ ഇടനിലക്കാർ വഴി മദ്യ വില്പന നടത്തുന്നുണ്ട്. 180 എം.എലിന്റെ മദ്യക്കുപ്പി മുന്നേ ബീവറേജ് ഔട്ലെറ്റിൽ 140 രൂപക്കാണ് വില്പന നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ബ്രോക്കർമാർ 600 മുതൽ 800 രൂപക്ക് വരെ വില്പന നടത്തുന്നുണ്ട്. അതിനുപുറമേ വ്യാജമദ്യവും എത്തുന്നുണ്ട്. കൂടാതെ വീടുകളിൽ സ്വയം വാറ്റി കുടിക്കുന്നവരുടെ എണ്ണവും കൂടുന്നു.