കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനം ഉൗർജ്ജിതമാക്കിയതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33 ശതമാനത്തിൽ നിന്ന് 13 ശതമാനത്തിലേക്ക് എത്തിയതായി പ്രസിഡന്റ് ബേബിരവീന്ദ്രൻ അറിയിച്ചു. കിളിമാനൂർ ബ്ലോക്ക് പരിധിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കുറഞ്ഞ നിരക്കിലെത്തിക്കാൻ കഴിഞ്ഞദിവസങ്ങളിൽ പഞ്ചായത്തിനായി. 22 ദിവസങ്ങൾക്ക് മുമ്പ് ടെസ്റ്റ് പോസിറ്റിവിറ്റി 33 ആയിരുന്നു. ഇതിനകം 3051 ആർ.ടി.പി.സി.ആർ ടെസ്റ്റുകളാണ് നടത്തിയത്. കോളനിനിവാസികൾക്ക് ടെസ്റ്റിം​ഗ് കേന്ദ്രത്തിൽ എത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് മൊബൈൽ ആന്റിജൻ ടെസ്റ്റിം​ഗ് യൂണിറ്റ് ഇറക്കി. ഇതുവഴി 300 - ൽപ്പരം ടെസ്റ്റുകൾ നടത്തി. രോ​ഗബാധിതരിൽ നിന്നും മറ്റുള്ളവർക്ക് രോ​ഗം പകരാതിരിക്കാനും വീടുകളിൽ അടിസ്ഥാന സൗകര്യമില്ലാത്ത രോ​ഗികൾക്കുമായി 48 കിടക്കകളുള്ള ​ഗൃഹവാസപരിചരണ കേന്ദ്രവും തുറക്കാനായി. ഇവിടെ 24 മണിക്കൂറും ആരോ​ഗ്യ പ്രവർത്തകരുടെ സേവനം, ആംബുലൻസ് എന്നിവ ഉറപ്പുവരുത്തി. ഹെൽപ് ഡെസ്കും സജ്ജമാക്കി. കൊവിഡ് പോസീറ്റീവ് രോഗികൾക്കും പഞ്ചായത്തിലെ നിർദ്ധന കുടുംബങ്ങൾക്കും ജനകീയ ഹോട്ടൽവഴി ഭക്ഷണപൊതി വിതരണം ചെയ്തുവരുന്നു.