വർക്കല: കൊവിഡും മഹാമാരിയും മൂലം ബാർബർ - ബ്യൂട്ടിഷ്യൻ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതോടെ കടുത്ത ദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണ് തൊഴിലാളികൾ. മുഖവും മുടിയും മിനുക്കി എല്ലാവരെയും തിളക്കമുള്ളവരാക്കുന്ന ഇവരുടെ ജീവിതം മാസങ്ങളായി മങ്ങിക്കിടക്കുകയാണ്. വർക്കല- ചിറയിൻകീഴ് താലൂക്കുകളിൽ ഈ മേഖലയിൽ ജോലി ചെയ്യുന്ന 1000 കണക്കിന് തൊഴിലാളികളാണ് വരുമാനം ഇല്ലാതെ പെരുവഴിയിലായത്.
ക്ഷേമനിധി ബോർഡിൽ പോലും 10 ശതമാനം പേർ മാത്രമേ അംഗത്വം എടുത്തിട്ടുള്ളൂ. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരും തയ്യാറായിട്ടില്ല. കൊവിഡ് ഒന്നാം തരംഗത്തിൽ മൊറട്ടോറിയം ലഭിച്ചിരുന്നെങ്കിലും അതില്ലാതായതോടെ ബാങ്കുകളുടെ അമിതപലിശയ്ക്ക് ഇരയാവുകയാണ് ഇവർ. മറ്റു മേഖലകളേക്കാൾ വലിയ ആഘാതമാണ് ബാർബർ ആൻഡ് ബ്യൂട്ടിഷ്യൻസ് മേഖലയിൽ കൊവിഡ് ഏൽപ്പിച്ചിരിക്കുന്നത്. ലോക്ക് ഡൗണിൽ ഏറ്റവും കൂടുതൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന മേഖലകളിലൊന്നാണിത്.

കടുത്ത പ്രതിസന്ധികൾക്കിടയിൽ സന്നദ്ധ സംഘടനകൾ നൽകുന്ന ചെറിയ സഹായങ്ങൾ കൊണ്ട് മുന്നോട്ടു പോവുകയാണ് ഇവർ. ബാർബർ ബ്യൂട്ടീഷൻ മേഖലയിലെ തൊഴിലാളികളുടെയും, സ്ഥാപന ഉടമകളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

വർക്കല ചിറയിൻകീഴ് താലൂക്കുകളിലായി ബാർബർ ഷോപ്പുകളുടെ എണ്ണം 1372

ബ്യൂട്ടി പാർലറുകൾ 800

തൊഴിലാളികൾ 1500 മുതൽ 2000 വരെ

തൊഴിലാളികളുടെ ആവശ്യം - ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും തുറക്കാൻ അനുമതി വേണം

കടക്കെണിയിൽ

ബ്യൂട്ടി പാർലറുകൾ അധികവും സ്ത്രീകളാണ് നടത്തിവരുന്നത്. പലരും വായ്പയെടുത്താണ് സ്ഥാപനങ്ങൾ നടത്തിവരുന്നത്. കല്യാണ വർക്കുകൾ കുറഞ്ഞതോടെ ഇവരുടെ വരുമാനവും പൂർണമായും നിലച്ചു. സ്വകാര്യ ബാങ്കുകളിലെ മൈക്രോ ഫിനാൻസ് വഴി പണം കടം എടുത്തവർ തിരിച്ചടക്കാൻ കഴിയാതെ ബാങ്കുകാരുടെ ഭീഷണിയും നേരിടേണ്ടിവരുന്നു. ബാർബർ ഷോപ്പുകൾ നടത്തുന്ന പുരുഷന്മാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. കടം വാങ്ങിയും പണം പലിശക്ക് എടുത്തുമാണ് പലരും സ്ഥാപനങ്ങൾ നടത്തുന്നത്.

ഉപകരണങ്ങൾ കേടായി

കടകളിൽ യന്ത്രങ്ങളെല്ലാം തുരുമ്പെടുത്ത് നശിക്കുന്നു. ബാറ്ററി, ജനറേറ്റർ, ചാർജ് ചെയ്ത് ഉപയോഗിക്കേണ്ട ട്രിമ്മറുകൾ, ഫേഷ്യൽ കിറ്റ് അനുബന്ധ സാധനസാമഗ്രികൾ എല്ലാം തന്നെ ഉപയോഗശൂന്യം ആയിട്ടുണ്ട്. ലോക്ക് ഡൗൺ കഴിഞ്ഞു കട തുറക്കണമെങ്കിൽ ഇവയൊക്കെ പുതുതായി വാങ്ങിക്കേണ്ട ഗതികേടിലാണ്.

അടഞ്ഞുകിടക്കുന്ന ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും തുറന്ന് പ്രവർത്തിക്കുന്നതിനാവശ്യമായ നടപടികൾ സർക്കാർ തലത്തിൽ നിന്ന് ഉണ്ടാകണം.

മോഹനൻ, ബാർബർ തൊഴിലാളി വർക്കല