vaccine

കൊവിഡ് വാക്സിൻ സംഭരണ - വിതരണ നയത്തിൽ കാതലായ മാറ്റം വരുത്താനുള്ള കേന്ദ്ര തീരുമാനമുണ്ടായത് വളരെയധികം വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും ശേഷമാണ്. ഉന്നത നീതിപീഠങ്ങൾ വരെ വാക്സിൻ പ്രശ്നത്തിൽ കേന്ദ്ര സർക്കാരിനെ നിശിതമായി വിമർശിച്ചു. നിരവധി സംസ്ഥാന മുഖ്യമന്ത്രിമാരും നയം മാറ്റം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. ഏതായാലും ജനങ്ങൾക്കു ഗുണകരമായ വിധത്തിൽ വാക്സിൻ നയത്തിൽ മാറ്റം വരുത്താനുള്ള തീരുമാനം അങ്ങേയറ്റം സ്വാഗതാർഹമാണ്.

കമ്പനികൾ ഉത്‌പാദിപ്പിക്കുന്ന വാക്സിന്റെ മുക്കാൻ പങ്കും കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങൾക്കിടയിൽ വിതരണം ചെയ്യുമെന്നാണ് രാഷ്ട്രത്തോടു നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. പതിനെട്ടിനും നാല്പത്തഞ്ചിനുമിടയ്ക്കു പ്രായമുള്ളവർക്കും വാക്സിൻ ജൂൺ 21 മുതൽ സൗജന്യമായി നൽകുമെന്നതാണ് പ്രധാന നയം മാറ്റം. ഇത്തരമൊരു നയം മാറ്റത്തിന് ഇടയാക്കിയതിൽ സുപ്രീംകോടതി എടുത്ത കർശന നിലപാട് അഭിനന്ദനാർഹമാണെന്ന് എടുത്തു പറയേണ്ടതുണ്ട്.

ഉത്‌പാദിപ്പിക്കുന്ന വാക്സിന്റെ ഇരുപത്തഞ്ചു ശതമാനം സ്വകാര്യ ആശുപത്രികൾക്കു തുടർന്നും വാങ്ങാൻ അനുമതിയുണ്ട്. സൗജന്യ വാക്സിൻ വേണ്ടെന്നുള്ളവർക്ക് പണം നൽകി അതു സ്വീകരിക്കാവുന്നതാണ്.

രാജ്യത്ത് ഇപ്പോഴും പത്തു ശതമാനം ജനങ്ങളിൽ പോലും വാക്സിൻ എത്തിയിട്ടില്ലെന്ന സ്ഥിതിവിവരം വച്ചു നോക്കുമ്പോൾ അതീവ ശ്രമകരമായ ദൗത്യമാണ് മുമ്പിലുള്ളതെന്നു ബോദ്ധ്യപ്പെടും. ജൂൺ 7- ലെ കണക്കു പ്രകാരം ആകെ 3.3 ശതമാനം പേരിലാണ് രണ്ടു ഡോസ് എത്തിയിട്ടുള്ളത്.

മൂന്നാം തരംഗത്തിന്റെ ഭീഷണി മുന്നിലുണ്ട്. അതാകട്ടെ ഇപ്പോഴത്തെക്കാൾ ഗുരുതര സ്വഭാവം കൈക്കൊള്ളുമെന്നാണ് പ്രവചനം. ഈ പശ്ചാത്തലത്തിൽ പ്രതിരോധ കുത്തിവയ്പിലാണ് പ്രതീക്ഷ മുഴുവൻ. ജനസംഖ്യാ വിവരങ്ങൾ കൃത്യമായി കൈയിലുള്ളപ്പോൾ വാക്സിൻ വിതരണം സുഗമവും കൃത്യവുമായി നടത്താൻ തടസമുണ്ടാകേണ്ടതില്ല. സംസ്ഥാനങ്ങൾ കൂടുതൽ കുത്തിവയ്പു കേന്ദ്രങ്ങൾ തുടങ്ങി ഓരോ ദിവസവും പരമാവധി പേർക്ക് വാക്സിൻ നൽകാനുള്ള പദ്ധതി ആവിഷ്കരിക്കണം.

പ്രധാനമായും രണ്ടു കമ്പനികളാണ് നിലവിൽ വൻതോതിൽ വാക്സിൻ ഉത്‌പാദിപ്പിച്ചുകൊണ്ടിരിക്കുന്നത്. മൂന്നു കമ്പനികൾ കൂടി താമസിയാതെ വാക്സിനുമായി വിപണിയിലെത്തുമെന്നാണ് വിവരം. ഇതിനു പുറമെ അമേരിക്കയിൽ നിന്നും റഷ്യയിൽ നിന്നുമുള്ള വാക്സിനും എത്തും. പ്രതീക്ഷ പോലെ എല്ലാം നടന്നാൽ അടുത്ത ഡിസംബറോടെ പതിനെട്ടിനു മുകളിലുള്ള രാജ്യത്തെ മുഴുവൻ പേർക്കും ഒരു കുത്തിവയ്പെങ്കിലും പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ജനുവരി 16-നാണ് രാജ്യത്ത് കൊവിഡ് പ്രതിരോധ കുത്തിവയ്പിനു തുടക്കമിട്ടത്.

ഡിസംബറോടെ ഒരു ഡോസെങ്കിലും പൂർത്തിയാക്കാനായാൽ അത് ആരോഗ്യരംഗത്ത് പുതു ചരിത്രമാകുമെന്നതിൽ സംശയമില്ല. ഇതോടൊപ്പം പതിനെട്ടുവയസിൽ താഴെയുള്ള വിഭാഗത്തിന്റെ കാര്യവും പരിഗണിക്കേണ്ടതുണ്ട്. മൂന്നു വയസിനു മുകളിലുള്ള കുട്ടികളിൽ വാക്സിൻ പരീക്ഷണം ലോകത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും അത് ആരംഭിച്ചിട്ടുണ്ടെന്നാണു വിവരം. രണ്ടാം തരംഗത്തിൽ അനവധി കുട്ടികൾക്ക് രോഗം പിടിപെട്ടിരുന്നു. അതുകൊണ്ട് കുട്ടികൾക്കും പ്രതിരോധ കവചം ഒരുക്കേണ്ടത് അനിവാര്യമാണ്.