തിരുവനന്തപുരം: മറ്റൊരു മാമ്പഴക്കാലം കൂടി എത്തിയിട്ടും ലോക്ക്ഡൗണിന്റെ നിയന്ത്രണങ്ങളെ തുടർന്ന് സജീവമാകാതെ വിപണി. നിരത്തുകളിൽ യാത്രക്കാരില്ലാതെ വന്നതോടെ നാടൻ മാങ്ങകളുമായി വഴിവക്കിൽ കച്ചവടത്തിനിരിക്കുന്നവരും അപ്രത്യക്ഷമായി. കച്ചവടം പൊതുവിൽ കുറവായതോടെ മൊത്തവ്യാപാര കേന്ദ്രങ്ങളിൽ വൻവിലക്കുറവിലാണ് വില്പന നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ വിവിധയിനം മാങ്ങകളും കച്ചവടത്തിനെത്തിക്കുന്നുണ്ട്.
നാര് കുറവുള്ളതും രുചികരമായ കാമ്പുമുള്ള കോട്ടുക്കോണം വരിക്ക, ചാറ് കൂടുതലുള്ളതും പുളിശേരി ഉണ്ടാക്കാൻ ഉപയോഗിക്കുന്നതുമായ ചന്ദക്കാരൻ, വലുതും നീര് കൂടുതലുള്ളതുമായ കപ്പമാങ്ങ, ഉപ്പിലിടാൻ പറ്റിയ മൂവാണ്ടൻ, പേരയ്ക്കയുടെ സുഗന്ധമുള്ള പേരയ്ക്ക മാങ്ങ, പുളി കുറഞ്ഞ കാമ്പുള്ള വെള്ളരി മാങ്ങ, കിളിച്ചുണ്ടൻ, താളി, കൊളമ്പ്, കല്ലുകെട്ടി, പുളിയൻ, വെള്ളായണിവരിക്ക, ഗോമാങ്ങ, കർപ്പൂരം എന്നിങ്ങനെ കേരളത്തിലെ പ്രധാന മാങ്ങകളെല്ലാം വില്പനയ്‌ക്കുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അൽഫോൺസ, നീലം, സിന്ദൂരം, സേലം, മൽഗോവ, കാലാപാടി , സപ്പോട്ട, പഞ്ചവർണം എന്നിങ്ങനെ വിവിധ ഇനം മാങ്ങകളും വിപണിയിലുണ്ട്.
കേരളത്തിൽ മാവ് കൃഷി വ്യാപകമല്ലെങ്കിലും തമിഴ്നാട്, കർണാടക, ബീഹാർ എന്നിവിടങ്ങളിൽ നിന്നുമാണ് കൂടുതലായി മാങ്ങകൾ കേരളത്തിലെത്തുന്നത്. പാലക്കാട്ടെ മുതലമടയിൽ മാത്രമാണ് മാവിന്റെ വാണിജ്യകൃഷി കൂടുതലുള്ളത്.
കോട്ടുക്കോണം മാങ്ങയ്‌ക്ക് ചില്ലറ വില്പന വില കിലോയ്‌ക്ക് 100 -120 രൂപയും നാട്ടുമാങ്ങയ്‌ക്ക് 80 രൂപയുമാണ്. നീലം മാങ്ങയ്‌ക്ക് കിലോയ്‌ക്ക് ചില്ലറവില 40 രൂപയാണ്. സപ്പോട്ട മാങ്ങയ്‌ക്ക് 50, അൽഫോൺസയ്ക്ക് 100, മൽഗോവ മാങ്ങയ്‌ക്ക് 80 -100 രൂപ എന്നിങ്ങനെയാണ് ചില്ലറ വില്പന വില. കർപ്പൂരം ഇനത്തിന് - 100, സിന്ദൂരം - 40, സേലം - 30, കാലാപാടി - 60, പഞ്ചവർണം - 50, കല്ലാമം - 40 എന്നിങ്ങനെയാണ് വില.
ഔഷധഗുണങ്ങൾ
വിറ്റമിൻ –എ, വിറ്റമിൻ –സി, ഫോളിക് അമ്ലം, കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഭക്ഷ്യനാര് എന്നിവ നല്ല അളവിലുണ്ട്. ശരീരത്തിലെ അമ്ലത്വം കുറയ്ക്കാൻ സഹായിക്കുന്ന മാമ്പഴം ത്വഗ്ഗിന്റെ സൗന്ദര്യത്തെയും നേത്രാരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു. അർബുദം തടയാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും.
കൃഷിയിൽ ഇന്ത്യ മുമ്പിൽ
പഴങ്ങളിലെ രാജാവാണ് മാങ്ങ. മാങ്ങകളിൽ ഏറ്റവും പ്രസിദ്ധമായത് കിംഗ് അൽഫോൺസയാണ്. ഇന്ത്യയിലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ മാങ്ങ കൃഷി ചെയ്യുന്നത്. ഇന്ത്യയുടെ ദേശീയ ഫലമാണ് മാങ്ങ. മേയ് മുതൽ ജൂലായ് വരെയാണ് മാമ്പഴക്കാലം.
വിപണന സാദ്ധ്യത
മാങ്ങയിൽ നിന്ന് വ്യാവസായികാടിസ്ഥാനത്തിൽ അച്ചാർ, സ്‌ക്വാഷ്, ജാം എന്നിവ നിർമ്മിക്കുന്നുണ്ട്.
കാനിങ്ങ്, മാമ്പഴ പൾപ്, പഴച്ചാറ്, മിഠായികൾ, കസ്റ്റാർഡ് പൗഡർ എന്നിവയും നിർമ്മിക്കുന്നു.