veekshanam

ആറ്റിങ്ങൽ: അടഞ്ഞുകിടക്കുന്ന ആലംകോട് വീക്ഷണം കൈത്തറി നെയ്ത്ത് സംഘം തുറന്നു പ്രവർത്തിപ്പിക്കാനുള്ള ശ്രമങ്ങൾ എങ്ങുമെത്തിയില്ല. പ്രവർത്തനമൂലധനം നഷ്ടപ്പെട്ട് 18 വർഷം മുൻപ് അടച്ചുപൂട്ടിയ സംഘം പുനരുജ്ജീവിപ്പിക്കാൻ മുൻ എം.എൽ.എ ബി. സത്യന്റെ നേതൃത്വത്തിൽ 2017ൽ ശ്രമം നടന്നിരുന്നു. എന്നാൽ സംഘത്തിന്റെ ബാദ്ധ്യത തീർക്കുന്നതിനോ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനോ ക്രിയാത്മകമായ ഇടപെടൽ തുടർന്നുണ്ടായില്ല.
ആലംകോട് ജംഗ്ഷനിൽ നിന്ന് കഷ്ടിച്ച് അരകിലോമീറ്റർ ഉള്ളിലായി 70 സെന്റ് ഭൂമിയിലാണ് വീക്ഷണം കൈത്തറി നെയ്ത്ത് സംഘം സ്ഥിതിചെയ്യുന്നത്. വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നു പ്രവർത്തനം.
പുനരുജ്ജീവന ശ്രമങ്ങളുടെ ഭാഗമായി 2017 സെപ്തംബർ 25ന് സംഘത്തിൽ പ്രത്യേകയോഗം ചേർന്നു. ജില്ലാസഹകരണ ബാങ്കിൽ നിന്ന് 20 വർഷം മുൻപ് സംഘം 6 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇത് പലിശയുൾപ്പെടെ 36 ലക്ഷമായതിനെ തുടർന്നുള്ള ജപ്തി നടപടി. ഓഡിറ്റ് ഫീസ്, ക്ഷേമനിധി, തൊഴിൽ നികുതി, വൈദ്യുതി ചാർജ്, വെള്ളക്കരം, ഇ.പി.എഫ്, നഗരസഭയുടെ നികുതി, എന്നിവയുടെ കുടിശികയിന്മേലുള്ള ജപ്തിനടപടി എന്നിവയാണ് സംഘം തുറക്കുന്നതിനുള്ള പ്രധാന തടസങ്ങളായി അന്ന് കണ്ടെത്തിയ വിഷയങ്ങൾ. ഇവ പരിഹരിക്കുന്നതിന് വ്യവസായ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ വിവിധവകുപ്പുകളുടെ ഉന്നതതലയോഗം വിളിച്ച് പ്രശ്‌നപരിഹാരമുണ്ടാക്കാനുള്ള ശ്രമം നടത്തുമെന്നാണ് അന്നത്തെ യോഗത്തിൽ തീരുമാനമെടുത്തത്. എന്നാൽ പിന്നീട് ഒന്നുമുണ്ടായില്ല.
സർക്കാർ തലത്തിൽ ശക്തമായ ഇടപെടലുണ്ടായാൽ ഈ സംഘത്തെ വീണ്ടെടുക്കാനാകും. ഇല്ലെങ്കിൽ കോടികൾ വിലവരുന്ന ഭൂമിയും കെട്ടിടങ്ങളും ഉപകരണങ്ങളും അന്യാധീനമാകും. വ്യവസായവകുപ്പിന്റെ കീഴിൽ വ്യത്യസ്ത തൊഴിലുകൾ പരിശീലിപ്പിക്കുന്ന കേന്ദ്രം ആരംഭിച്ചാലും നാട്ടിലെ അഭ്യസ്തവിദ്യർക്ക് വലിയ അനുഗ്രഹമാകും. കാലം കടന്നുപോകുന്തോറും ബാദ്ധ്യതകൾ ഏറുകയും വീണ്ടെടുക്കൽ സാദ്ധ്യതകൾ മങ്ങുകയും ചെയ്യും.

മുൻപ് - 110 തറികളും നൂറിലധികം സ്ത്രീത്തൊഴിലാളികളുമുണ്ടായിരുന്നു

അടച്ചു പൂട്ടിയത് - 18 വർഷം മുൻപ്

അടച്ചുപൂട്ടിലിന് കാരണം

സംഘത്തിൽ നിന്ന് നെയ്ത്ത് തുണിവാങ്ങിയ ഹാൻവീവ് യഥാസമയം പണം നല്കാതിരുന്നതാണ് നഷ്ടത്തിലേക്കും അടച്ചുപൂട്ടലിലേക്കും നയിച്ചതെന്ന് പഴയ ഭരണസമിതി അംഗങ്ങൾ പറയുന്നു.