നെയ്യാറ്റിൻകര: നെയ്യാറ്റിൻകര മാറനല്ലൂർ വണ്ടന്നൂർ റോഡിൽ ചൈതന്യ ഗ്രന്ഥശാലയ്ക്ക് സമീപം 200 മീറ്ററോളമുള്ള റോഡിലൂടെയുള്ള യാത്ര വളരെ ദുഷ്കരമാണ്. റോഡിനിരുവശവും തീറ്റപ്പുൽകർഷിയും പുൽച്ചെടികളും വളർന്ന് കാൽനട, വാഹനയാത്രക്കാർക്ക് യാത്രചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. ഒപ്പം വള്ളിപ്പടർപ്പുകളും മൂടി റേഡിന്റെ വശങ്ങൾ കാടുമൂടിയ അവസ്ഥയിലാണ്. വാഹനങ്ങൾ വരുമ്പോൾ കാൽനട യാത്രക്കാർക്ക് വശം ചേർന്ന് പോകാനോ നിൽക്കാനോ സാധിക്കാറില്ല. റോഡിലൂടെയാണ് പലരും നടന്നുപോകുന്നത്. റോഡിലെ കാഴ്ച മറയ്ക്കുന്ന രീതിയിലാണ് ഇവിടുത്തെ പുൽകൃഷി.
റോഡിനോട് ചേർന്ന് പുല്ല് വളന്ന് നിൽക്കുന്നതിനാൽ അപകടങ്ങളും പതിവാണ്. ഇവിടെ ഗുരുമന്ദിരത്തിന് സമീപം ട്രാൻസ് ഫോർമറിനും 110 കെ.വി. വൈദ്യുതി കമ്പികൾ കടന്നു പോകുന്നതിനും താഴെ വാഴകളും ചെടികളും വൈദ്യുത കമ്പികളിൽ മുട്ടുന്ന വിധം വളർന്നു. ഇതോടൊപ്പം വള്ളിചെടികളും പടർന്ന് നിൽക്കുന്നതിനാൽ അപകടസാധ്യതയും ഏറെയാണ്. റോഡിനെ മറയ്ക്കുന്നതരത്തിൽ പുല്ല് വളർന്നിട്ടും അവ വെട്ടിമാറ്റാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ചൈതന്യ ഗ്രന്ഥശാല മുതൽ മണ്ണടിക്കോണം വരെയുളള റോഡിന്റെ അവസ്ഥ ഇത്തരത്തിലായത് പ്രദേശവാസികളടക്കമുളള വാഹനയാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. റോഡ് പുതിയതായി ടാർ ചെയ്യുകയും റോഡിന്റെ ഉയരം കൂടുകയും ചെയ്തതിനനുസരിച്ച് റോഡിന്റെ വശം ഉയർത്തിയിട്ടില്ല. പുല്ല് വളർന്ന് നിൽക്കുന്നതിനാൽ റോഡിനോട് ചേർന്ന് പ്രതലം താഴ്ന്നു കിടക്കുന്നത് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിന് കാരണമാകുന്നു.