1

പൂവാർ: ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പൂവാറിൽ വ്യാപകമായി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കപ്പെടുന്നതായി ആക്ഷേപം. ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹന നിയന്ത്രണം നടത്തുന്ന പൂവാർ ജംഗ്‌ഷനിൽ നിയന്ത്രണങ്ങൾ ലംഘിച്ചെത്തുന്ന 25ലധികം വാഹനങ്ങൾ ദിവസേന പിടികൂടുന്നുണ്ടെന്ന് പൊലീസ് പറയുന്നു. വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകൾ അല്ലാത്തതിനാൽ ഇടറോഡുകൾ തുറന്ന് കിടക്കുന്നത് അനാവശ്യയാത്ര വർദ്ധിപ്പിക്കുന്നുണ്ടെന്നും കൂടുതൽ സ്ഥലങ്ങളിൽ വാഹനനിയന്ത്രണം ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പ്രവർത്തനം നിരോധിച്ച റോഡിൽ വൻ ജനക്കൂട്ടത്തോടെയാണ് കഴിഞ്ഞദിവസം അനധികൃത ചന്തകൾ പ്രവർത്തിച്ചത്. പൊലീസ് ഇടപെട്ട് സാമൂഹികഅകലം പാലിച്ച് കച്ചവടം നടത്താൻ ഇവർക്ക് നിർദ്ദേശം നൽകി. പൊലീസിനോ പഞ്ചായത്ത് അധികൃതർക്കോ ഇവരെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. നിയന്ത്രണങ്ങൾ ശക്തമാക്കിയില്ലെങ്കിൽ കൊവിഡ് വ്യാപനം വർദ്ധിക്കുമെന്ന ആശങ്കയിലാണ് ആരോഗ്യ പ്രവർത്തകരും.

caption: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പ്രവർത്തിച്ച പൂവാറിലെ അനധികൃത ചന്ത.