കല്ലമ്പലം: കഴിഞ്ഞ മൂന്ന് നാലു തലമുറകൾക്ക് അക്ഷരവെളിച്ചമേകിയ നാവായിക്കുളം ഗവ.എൽ.പി.എസിന് പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യം ശക്തം. നൂറു വർഷം പഴക്കമുള്ള പ്രദേശത്തെ പ്രധാന വിദ്യാലയമായ ഈ സ്ഥാപനം ഏറെ പരിമിതികളിലാണ് പ്രവർത്തിക്കുന്നത്. പ്രദേശത്തെ ഏക സർക്കാർ പ്രാഥമിക വിദ്യാലയമെന്ന നിലയിൽ സ്കൂളിന്റെ നിസഹായാവസ്ഥ ജനപ്രതിനിധികളെ നേരിൽക്കണ്ട് ബോദ്ധ്യപ്പെടുത്തി. പുതിയ കെട്ടിടം യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങളിലാണ് രക്ഷാകർതൃസമിതിയും വിദ്യാലയവികസനസമിതിയും. സർക്കാർ പുതിയ കെട്ടിടം അനുവദിക്കും എന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി രൂപീകൃതമായ വിദ്യാലയ വികസന സമിതിയുടെ പിന്തുണയിൽ മികച്ച പ്രവർത്തനങ്ങൾ ആവിഷ്കരിച്ചതിലൂടെ അധിക ഡിവിഷനുകൾ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. പുതിയ അദ്ധ്യയനവർഷവും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ പുരോഗതി കൈവരിക്കാനായി. ഇതിനൊപ്പം അടിസ്ഥാന സൗകര്യം കൂടി കാലാനുസൃതമായി മെച്ചപ്പെടുത്താനായാൽ വിദ്യാഭ്യാസ ഇടപെടലുകളിൽ വലിയ കുതിച്ചുച്ചാട്ടം തന്നെ കൈവരിക്കാനാകുമെന്നാണ് നാട്ടുകാരുടെയും പ്രതീക്ഷ.
പഴക്കം - 100 വർഷത്തിലേറെ
കാലപ്പഴക്കത്തിൽ ജീർണാവസ്ഥയിൽ
കാലപഴക്കം ചെന്ന മുഖ്യ കെട്ടിടമാണ് പ്രധാന പ്രതിസന്ധി. ഓഫീസ് റൂം, സ്മാർട്ട് ക്ലാസ് റൂം എന്നിവ പ്രവർത്തിക്കുന്ന ഓടുമേഞ്ഞ പ്രധാന കെട്ടിടത്തിന്റെ ചുവരുകൾ, മേൽക്കൂര, വാതിലുകൾ, ജനാലകൾ എന്നിവക്കെല്ലാം കേടുപാടുകളുണ്ട്.
അല്പം ചരിത്രം
നാവായിക്കുളം വലിയ പള്ളിക്ക് സമീപം പനവിള ഇബ്രാഹിം സാഹിബ് ആരംഭിച്ച സ്കൂൾ പിന്നീട് പുല്ലൂർമുക്കിലേക്ക് മാറ്റി സ്ഥാപിച്ചു. തുടർന്ന് അദ്ദേഹം സ്കൂൾ സ്വമേധയാ സർക്കാരിലേക്ക് വിട്ടു നൽകുകയായിരുന്നു. ബ്രിട്ടീഷ് ഗവൺമെന്റിന്റെ പാകിസ്ഥാൻ ഹൈക്കമ്മിഷനിലെ അറ്റാഷെയും കേരള ശബ്ദം വാരികയിലെ കോളമിസ്റ്റുമായിരുന്ന കല്ലമ്പലം അൻസാരി, പ്രസിഡന്റിന്റെ പൊലീസ് മെഡൽ നേടിയ ഡി.വൈ.എസ്.പി അൻവർ, റിട്ട. ഡി.ഇ.ഒയുമായ പി.ജി. ബാലകൃഷ്ണൻ, സാഹിത്യകാരനും അദ്ധ്യാപകനുമായ കല്ലമ്പലം ഉബൈദ്, ഡോ. എസ്. ശ്രീകണ്ഠൻ, ഒമാൻ റോയൽ പൊലീസ് ആശുപത്രിയിലെ ശിശുരോഗ വിദഗ്ദനായ ഡോ. ഷാലു, ഇന്ത്യയിലും വിദേശത്തും അറിയപ്പെടുന്ന വ്യവസായ പ്രമുഖനും ഇന്ത്യാന സിമന്റ് ഉടമയുമായ ഷമീർ ദാവൂദ് തുടങ്ങിയവർ പ്രമുഖർ പഠിച്ചത് ഇവിടെയാണ്.