വർക്കല: നഗരസഭ പരിധിയിൽ കൊവിഡ് രോഗികളുടെ എണ്ണം കമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വർക്കല നഗരസഭാ ഉദ്യോഗസ്ഥർ, സെക്ടറൽ മജിസ്ട്രേറ്റ്, പൊലീസ്, റവന്യൂ അധികൃതർ, താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് എന്നിവരുടെ അടിയന്തര യോഗം ചേർന്നു. നിലവിൽ നഗരസഭയിലെ 33 വാർഡുകളിൽ 18 വാർഡുകളും 10ന് മുകളിൽ രോഗികളുള്ളതും 4 വാർഡുകളിൽ 30 പേരിൽ കൂടുതൽ കൊവിഡ് ബാധിതർ ഉള്ളതുമാണ്. ഈ വാർഡുകളിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു. പുന്നമൂട് മാർക്കറ്റിലെ തിരക്ക് കുറയ്ക്കുന്നതിനായി കച്ചവടക്കാരെ ഒന്നിടവിട്ട ദിവസങ്ങളിൽ കച്ചവടം നടത്തുന്നതിനുള്ള നിർദ്ദേശം നഗരസഭ നൽകി. വാർഡുകളിൽ സെക്ടറൽ മജിസ്ട്രേറ്റ്, പൊലീസ് നഗരസഭ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധന ശക്തമാക്കുന്നതിനും നിയമലംഘനം നടത്തുന്നവർക്കെതിരെ പിഴ ഈടാക്കുന്നതിനും യോഗം തീരുമാനിച്ചു. വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി, നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിതിൻ നായർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.