qq

കാട്ടാക്കട: കൊവിഡ് പിടിമുറുക്കിയതോടെ ഗ്രാമീണ മേഖലകളിലെ ഓട്ടോറിക്ഷ-ടെമ്പോ-ഗുഡ്സ്-ടാക്സി തൊഴിലാളികൾ ദുരിതത്തിലാണ്. ഇവരിൽ പല കുടുംബങ്ങളും പട്ടിണിയിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു.

രണ്ട് ഘട്ടങ്ങളിലായി കൊവിഡ് കാലത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഓട്ടോറിക്ഷ-ടെമ്പോ-ഗുഡ്സ്-ടാക്സികൾക്ക് ഓട്ടമില്ലാതെയായി. പല വാഹനങ്ങളും പുറത്തിറക്കാത്തതുകാരണം ഇപ്പോൾ സ്റ്റാർട്ട് ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലായി.

കൊവിഡ് കാലമായതോടെ വാഹനങ്ങൾക്ക് ഓട്ടമില്ലാത്തതുകാരണം ഇതിനെ മാത്രം ആശ്രയിച്ച് ജിവിച്ചിരുന്ന അനേകായിരം തൊഴിലാളികളാണ് ദുരിതം നേരിടുന്നത്. ഇപ്പോൾ നിത്യവൃത്തിയ്ക്ക് പോലും കഴിയാത്ത അവസ്ഥയിലായി. ഓട്ടോറിക്ഷ-ടെമ്പോ-ഗുഡ്സ്-ടാക്സി തൊഴിലാളികൾ ഓട്ടമില്ലാതായതോട വാഹനങ്ങളുടെ ലോൺ തവണ പോലും അടയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ദേശസാൽകൃത ബാങ്കുകളിൽ നിന്നും സ്വകാര്യ ബാങ്കുകളിൽ നിന്നുമാണ് ലോണുകൾ തരപ്പെടുത്തി ഉപജീവനത്തിനായി വാഹനങ്ങൾ എടുത്തിരിക്കുന്നത്. കഴിഞ്ഞ കൊവി‌ഡ് കാലത്ത് മാസങ്ങൾ അടച്ചിട്ടപ്പോഴും ഇതേ അവസ്ഥയിലായിരുന്നു. ലോണുകൾക്ക് സർക്കാർ തിരിച്ചടവിന് മോറട്ടോറിയം പ്രഖ്യാപിച്ചുവെങ്കിലും ബാങ്കുകൾ ഈ സാവകാശമൊന്നും പാവപ്പെട്ട തൊഴിലാളികൾക്ക് നൽകിയില്ല. നിശ്ചിത തീയതിയ്ക്കകം ലോണുകളുടെ തിരിച്ചടവ് നടത്തിയില്ലെങ്കിൽ വീടുകളിൽ എത്തി ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന ബാങ്കുകളും നാട്ടിലുണ്ട്.

രണ്ട് തവണയായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിലാളികളുടെ ജീവിതനിലവാരം തന്നെ ബുദ്ധിമുട്ടിയായി. ഇവർക്ക് വാഹന വായ്പകൾക്ക് പുറമേ വീടുകളുടെ ലോണുകളും കുട്ടികളുടെ വിദ്യാഭ്യാസവും ദൈനം ദിന ചിലവുകൾക്ക് പോലും കഴിയാത്ത അവസ്ഥയാണ്. ഇത്തരം തൊഴിലാളികൾ ഇപ്പോൾ സ്വകാര്യ ആളുകളിൽ നിന്നും വൻ പലിശയ്ക്ക് പണം കടം വാങ്ങിയാണ് ജീവിതം തള്ളിനീക്കുന്നത്. അടിയന്തിരമായി ഇത്തരം തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹാരം കാണാനും നടപടിയുണ്ടാക്കണമെന്നുമാണ് ആവശ്യം.