covid-vaccine

തിരുവനന്തപുരം:കിടപ്പുരോഗികളായ മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി വാക്സിൻ നൽകാനുള്ള നിബന്ധനകൾ വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി.

വാക്സിൻ നൽകുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. പി.പി.ഇ കിറ്റ് വേണമെങ്കിൽ ഉപയോഗിച്ചാൽ മതി. ഗ്ലൗസ്, മാസ്‌ക്, ഫെയ്സ് ഷീൽഡ് എന്നിവ ഉപയോഗിക്കണം. ഓരോ വീട്ടിലും എത്തുന്ന വാക്സിനേഷൻ സംഘത്തിൽ മെഡിക്കൽ ഓഫീസർ, വാക്സിൻ നൽകുന്നയാൾ, സഹായിയായി ആശ വർക്കർ അല്ലെങ്കിൽ സന്നദ്ധ പ്രവർത്തകർ എന്നിവരുണ്ടാകണം.

വാക്സിൻ നൽകുന്നതിന് മുമ്പ് കിടപ്പുരോഗികളുടെ ആരോഗ്യം മെഡിക്കൽ ഓഫീസർ പരിശോധിക്കണം. വാക്സിൻ സ്വീകരിച്ചയാളെ ആശാ വർക്കറോ സന്നദ്ധ പ്രവർത്തകനോ 30 മിനിറ്റ് നിരീക്ഷിക്കണം. അസ്വസ്ഥതകൾ കണ്ടാൽ മെഡിക്കൽ ഓഫീസറിനെ അറിയിച്ച് എത്രയും വേഗം ആംബുലൻസിൽ വൈദ്യസഹായം ലഭ്യമാക്കണം.
എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും പരിധിയിലുള്ള മുതിർന്ന പൗരന്മാരുടെ വിവരങ്ങൾ എസ്.എച്ച്.ഒമാർ ശേഖരിച്ച് അവർക്ക് ആവശ്യമായ സേവനങ്ങൾ പോലീസ് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.

കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരെയും ക്ലാർക്കുമാരേയും വാക്സിനേഷന്റെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.