കാട്ടാക്കട: പ്രായപൂർത്തിയാകാത്ത കുട്ടികൾ പൊലീസിന്റെ ക്രൂര മർദ്ദനത്തിനിരയായ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ കുട്ടികളെ സാമൂഹ്യ വിരുദ്ധരാക്കി ചിത്രീകരിച്ച് കേസെടുക്കാൻ പൊലീസിന്റെ ശ്രമം. ദേവസ്വം ബോർഡ് ക്ഷേത്രത്തിലെ ചില ഉദ്യോഗസ്ഥരെയും സമീപവാസികളായ ചിലരെയും ചില ഓൺലൈൻ മാദ്ധ്യമങ്ങളെയും കൂട്ടുപിടിച്ചാണ് പൊലീസ് നീക്കമെന്നാണ് കുട്ടികളുടെ രക്ഷിതാക്കൾ പറയുന്നത്.
പത്രങ്ങളിൽ വന്ന വാർത്തകളും കുട്ടികൾ ചെയ്‌ത പഴയ ടിക് ടോക്ക് വീഡിയോകളും കാട്ടാക്കടയിലെ ഉന്നത പൊലീസ്
ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പൊലീസുകാർ തന്നെ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുന്നുണ്ടെന്നാണ് പരാതി. കുട്ടികളെ സാമൂഹ്യ വിരുദ്ധരാക്കി ചിത്രീകരിക്കാൻ കഴിഞ്ഞദിവസം പൊലീസിനെ സ്ഥലത്തേക്ക് വിളിച്ചുപറഞ്ഞ സമീപവാസിയായ യുവാവിനെയും വീട്ടുകാരെയും പൊലീസ് കൂട്ടുപിടിച്ചിട്ടുണ്ടെന്നാണ് ആരോപണം.
ബാലാവകാശ കമ്മിഷന് മുന്നിൽ ഉത്തരംമുട്ടിയ പൊലീസാണ് ഇപ്പോൾ കുട്ടികളെ ക്ഷേത്രപരിസരത്ത് തമ്പടിച്ച സാമൂഹ്യവിരുദ്ധരാക്കി ചിത്രീകരിച്ച് കേസെടുക്കാനും കുട്ടികളെ അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നത്. ബാലാവകാശ കമ്മിഷൻ കെ.വി. മനോജ് കുമാർ കുട്ടികളെ കാണാനെത്തിയപ്പോൾ കുട്ടികളിരുന്ന യോഗീശ്വര ക്ഷേത്രവും പരിസരവും പരിശോധിച്ചിരുന്നു.
ചുറ്റുമതിലിനുള്ളിലോ സമീപത്തോ ആഹാര അവശിഷ്ടങ്ങളോ സിഗരറ്റ് കുറ്റികളോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് കമ്മിഷൻ പറഞ്ഞിരുന്നു. പൊലീസും ഇക്കാര്യം ശരിവച്ചതാണ്. എന്നാൽ പിന്നീട് ക്ഷേത്ര പരിസരത്ത് മദ്യക്കുപ്പികളും സിഗരറ്റ് കുറ്റികളും എത്തിയതെങ്ങനെയെന്നും സംശയമുണ്ടാക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മിഷൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്ന് കമ്മിഷൻ പ്രതികരിച്ചു. ഇന്നലെ വൈകിട്ട് ശിശുക്ഷേമസമിതി അധികൃതരും കുട്ടികളുടെ വീടുകളിലെത്തിയിരുന്നു. കുട്ടികൾക്ക് കൗൺസലിംഗ് നൽകാൻ സമിതി നിർദ്ദേശിച്ചു.