
തിരുവനന്തപുരം:വാക്സിൻ സൗജന്യമായി നൽകുന്നത് സംബന്ധിച്ച കേന്ദ്ര തീരുമാനത്തിൽ കൂടുതൽ വ്യക്തത വന്ന ശേഷം സംസ്ഥാന സർക്കാർ തുടർനടപടികൾ തീരുമാനിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. സാമ്പത്തിക ഉത്തരവാദിത്വം തുടങ്ങിയ കാര്യങ്ങളൊക്കെ അറിയാനുണ്ട്. വാക്സിൻ വാങ്ങാൻ സംസ്ഥാന ഗവൺമെന്റുകൾക്ക് ചെലവായ പണത്തിന്റെ കാര്യം ചർച്ചചെയ്യേണ്ടി വരും. ഇക്കാര്യങ്ങളിൽ കേന്ദ്രത്തിന്റെ കൃത്യമായ ഉത്തരവുകൾ വരുമ്പോൾ ഉചിതമായ തീരുമാനം എടുക്കും. ഇതുവരെ 165 കോടിയോളം രൂപയാണ് വാക്സിൻ ചലഞ്ചിനായി സംസ്ഥാനത്ത് ജനങ്ങളിൽ നിന്ന് ലഭിച്ചത്.18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യ വാക്സിൻ നൽകാനായി സംസ്ഥാന ബഡ്ജറ്റിൽ 1000കോടി രൂപ വകയിരുത്തിയിരുന്നു. കൂടുതൽ തുക ചെലവാക്കേണ്ടി വന്നാലും വഹിക്കുമെന്നും ബഡ്ജറ്റിന് ശേഷം വാർത്താസമ്മേളനത്തിൽ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ എല്ലാവർക്കും സൗജന്യ വാക്സിൻ പ്രഖ്യാപിച്ചത്.
കേന്ദ്രത്തിന്റെ നയം മാറ്റത്തിൽ കേരളം വലിയ പങ്ക് വഹിച്ചതായി ധനമന്ത്രി പറഞ്ഞു.വാക്സിൻ സമയബന്ധിതമായി കൊടുത്തു തീർക്കുക പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ സൗജന്യമായി കൊടുക്കുമെന്ന് പറയുമ്പോഴും അത് രണ്ടോ മൂന്നോ വർഷം കൊണ്ടാണെങ്കിൽ ഒരു ഗുണവുമുണ്ടാകില്ല.മൂന്ന് നാല് മാസത്തിനകം ഇത് പൂർത്തിയാക്കണം. ഇന്ത്യയിലെ കമ്പനികളുടെ ശേഷി നോക്കിയാൽ, ചുരുങ്ങിയ കാലയളവിൽ ഇത് തീരില്ല. വാക്സിൻ ഉത്പാദിപ്പിക്കാൻ മറ്റ് സൗകര്യം ഒരുക്കേണ്ടിവരും. അല്ലെങ്കിൽ വിദേശത്ത് നിന്ന് കൂടുതൽ വാങ്ങേണ്ടി വരുമെന്നും ബാലഗോപാൽ പറഞ്ഞു.