waste

തിരുവനന്തപുരം: മെഡിക്കൽ കോളേജ് കാമ്പസിനുള്ളിലെ മാലിന്യ നിക്ഷേപം തടയുന്നതിനായി അധികൃതർ നടത്തിയ പരിശോധനയിൽ ഒരാളെ പിടികൂടി. ശ്രീചിത്ര ആശുപത്രിക്ക് പിന്നിലായി കെ.എസ്.ഇ.ബി ഓഫീസിന് സമീപം പുറത്ത് നിന്നുള്ളവർ വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അധികൃതർ നടപടി സ്വീകരിച്ചത്. അതിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ അഞ്ചര മുതൽ ഏഴുവരെ നടത്തിയ പരിശോധനയിൽ മാലിന്യം നിക്ഷേപിക്കാൻ ബൈക്കിലെത്തിയയാളെ പിടികൂടുകയായിരുന്നു. ഇയാൾക്ക് താക്കീത് നൽകി വിട്ടയച്ചു. കാമ്പസിന് വെളിയിൽ നിന്ന് മാലിന്യം ഇടാനായി മാത്രം എത്തിയ ബൈക്കിന്റെ വിവരം മെഡിക്കൽ കോളേജ് പൊലീസിന് മേൽനടപടികൾക്കായി കൈമാറുമെന്നും തുടർന്നും ഇത്തരം പരിശോധനകൾ ഉണ്ടാകുമെന്നും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

മെഡിക്കൽ കോളേജ് വളപ്പിൽ അറവ് മാലിന്യമുൾപ്പെടെയുള്ള മാലിന്യ നിക്ഷേപം രൂക്ഷമാണെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ അധികൃതർ തീരുമാനിച്ചത്. മാലിന്യ നിക്ഷേപം കാരണം ഇവിടെ തെരുവ് നായ ശല്യവും രൂക്ഷമാണ്.