തിരുവനന്തപുരം: വർക്കല പാപനാശം മുതൽ വെറ്റക്കട വരെ, 10 മുതൽ 15 മീറ്റർ വരെ ഉയരമുള്ള തിരശ്ചീനമായി നിൽക്കുന്ന കുന്നുകളുടെ സംരക്ഷണത്തിന് പരിസ്ഥിതി സൗഹൃദവും ടൂറിസ്റ്റുകൾക്ക് ആകർഷകവുമായ നിർമ്മാണം ആവശ്യമാണെന്നും അതിന്റെ സാങ്കേതിക പഠനത്തിനുള്ള നിർദ്ദേശം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യൻ ടെക്നോളജിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു.

വെറ്റക്കട മുതൽ കാപ്പിൽ വരെയുള്ള ഭാഗങ്ങൾ (1,100മീറ്റർ) സംരക്ഷിക്കുന്നതിന് 7.75 കോടി രൂപ ആവശ്യമാണ്. ഓടയം, വെറ്റക്കട ഭാഗങ്ങളിലെ കടലാക്രമണത്തിൽ നിന്നും സംരക്ഷിക്കുന്നതിന് ജലസേചന വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി വരുന്നുവെന്നും വി. ജോയിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.

ഒന്നാം പാലം മുതൽ കാപ്പിൽ വരെ പല ഘട്ടങ്ങളിലായി അഞ്ച് കിലോമീറ്റർനീളത്തിലെ കടൽ

ഭിത്തികൾക്ക് പല ഭാഗത്തും കേടുപാടുണ്ട്. ഇതിൽ രൂക്ഷമായി കടലാക്രമണമുണ്ടാകുന്ന സ്ഥലങ്ങളിലെ കടൽഭിത്തിയുടെ കേടുപാടുകൾ തീർക്കുന്നതിന് അനുയോജ്യമായ എസ്റ്റിമേറ്റുകൾ ഫണ്ടിന്റെ ലഭ്യത അനുസരിച്ച് അനുമതി നൽകി പ്രവൃത്തികൾ നടപ്പിലാക്കി വരുന്നു. അനുമതി കിട്ടുന്ന ഓരോ പ്രവൃത്തിയും രണ്ടും മൂന്നും തവണ ടെൻഡർ ചെയ്താലും പാറയുടെ ദൗർലഭ്യം കാരണം കോൺട്രാക്ടർമാർ ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല. റീ അറേഞ്ച് ചെയ്ത രണ്ട് പ്രവൃത്തികൾ ഉടൻ ആരംഭിക്കണമെന്ന് കരാറുകാരെ അറിയിച്ചിട്ടുണ്ട്.

വെറ്റക്കട ഭാഗത്ത് മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങൾ സൂക്ഷിക്കുന്ന കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിനു 2.50 ലക്ഷം രൂപയുടെ ജിയോബാഗ് അടങ്ങുന്ന പ്രവൃത്തി നടന്നു വരുന്നു. അതിനോടനുബന്ധിച്ച് അഞ്ച് ലക്ഷം രൂപയുടെ ജിയോ ബാഗ് അടുക്കുന്നതിനും അനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.