കോവളം: ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വാഴമുട്ടം ഗവ. ഹൈസ്‌കൂൾ ശോചനീയാവസ്ഥയിൽ. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ സ്കൂളിന് സമീപത്തെ സർക്കാർ ഭൂമിയിൽ നിന്ന് കുറ്റൻ പാറകൾ നിലം പൊത്തുകയും സ്‌കൂളിന്റെ മിനി ഹാളിന്റെ മുകളിൽ നിന്ന് കോൺക്രീറ്റ് ഭാഗങ്ങൾ അടർന്ന് വീഴുകയും ചെയ്തു. ലോക്ക്ഡൗൺ കാരണം വിദ്യാർത്ഥികൾ എത്താതായതോടെ സ്‌കൂളിന്റെ നാലു ഭാഗത്തും സ്‌കൂളിന്റെ പ്രധാന ഓഡിറ്റോറിയത്തിന് മുന്നിലും പുല്ലുകൾ വളർന്ന് ഇഴജന്തുക്കളുടെ ആവാസകേന്ദ്രവുമായി മാറിയിരിക്കുകയാണ്. വെളളാർ വാർഡിൽ ഉൾപ്പെടുന്ന പല ഭാഗങ്ങളിലും കടൽക്ഷോഭങ്ങളും ദുരന്തങ്ങളും സംഭവിച്ചാൽ വാഴമുട്ടം ഗവ. ഹൈസ്‌കൂളിനെയാണ് ദുരിതാശ്വാസ ക്യാമ്പായി ഉപയോഗിക്കുന്നത്. ഇവിടെ ആവശ്യത്തിന് വേണ്ട ശൗചാലയങ്ങളുമില്ല. അദ്ധ്യാപകർ വിശ്രമിക്കുന്ന കോൺക്രീറ്റ് കെട്ടിടത്തിനരികിൽ മുപ്പത് അടിയോളം ഉയരമുളള കുന്ന് ഏത് നിമിഷവും കെട്ടിടത്തിന് മുകളിൽ പതിക്കും വിധം അപകടഭീഷണി ഉയർത്തുന്നുണ്ട്.