കാട്ടാക്കട: മലനാട് മിൽക്കിന്റെ സഹകരണത്തോടെ ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും ബ്രഡും പാലും എത്തിക്കുന്ന പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിബു ബാലകൃഷ്ണൻ, സമിതിയദ്ധ്യക്ഷന്മാരായ മിനർവാ സുകുമാരൻ, ഉഷകുമാരി, മഞ്ജു സുരേഷ്, മലനാട് മിൽക്ക്സ് മാനേജർ അജീഷ് കടവൻ ഗ്രാമപഞ്ചായത്തംഗങ്ങളായ സത്യനേശൻ, ശിശുപാലൻ, ജോയ്സ്, ബിന്ദു, മിനി വിജയൻ, ഗോകുൽ, ശ്രീകുമാരൻ, സിഞ്ചു, ജയലക്ഷ്മി എന്നിവർ പങ്കെടുത്തു. മലനാട് ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ ഫാദർ തോമസ് മറ്റമുണ്ടയിൽ പി.പി.ഇ കിറ്റ് അടക്കമുള്ള സഹായങ്ങൾ ഗ്രാമപഞ്ചായത്തിന് കൈമാറി. തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ നടന്ന പഞ്ചായത്ത് ഒറ്റശേഖരമംഗലമാണ്. പൂഴനാട് കുടുംബാരോഗ്യകേന്ദ്രം, ഹോമിയോ ആയുർവേദ ആശുപത്രികൾ എന്നിവയുടെ സംയുക്ത കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൽ നടക്കുന്നത്. 102 കൊവിഡ് കേസുകളുള്ള പഞ്ചായത്തിലെ ഡി.സി.സിയിൽ 3 രോഗികൾ മാത്രമാണുള്ളത്. രാഷ്ട്രീയ ഭേദമെന്യേ സാമൂഹ്യ യുവജന സംഘടനകളും പൊതുപ്രവർത്തകരും ജനപ്രതിനിധികളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തുന്ന കൂട്ടായ പ്രവർത്തനങ്ങളാണ് ഗ്രാമപഞ്ചായത്തിലെ കൊവിഡ് പ്രതിരോധപ്രവർത്തനം മികച്ചതാക്കുന്നത്.