തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന തീരശോഷണത്തിന് ബഹുമുഖ പരിഹാരമാണ് വേണ്ടതെന്ന അഭിപ്രായവുമായി വിദഗ്ദ്ധർ. സുസ്ഥിര പരിഹാരത്തിനായി മേഖലയിലെ അഞ്ച് ശാസ്ത്രജ്ഞർ തയ്യാറാക്കിയ റിപ്പോർട്ടിലേതാണ് നിർദ്ദേശം. ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് ഓൺലൈനായി നടന്ന ചടങ്ങിൽ റിപ്പോർട്ട് പ്രകാശനം ചെയ്‌തു. ഡോ. ബിജുകുമാർ. എ, ഡോ.കെ.വി. തോമസ്, ഡോ. അജയകുമാർ വർമ, ഡോ.ഷാജി ഇ, ഡോ. ടി.വി. സജീവ് എന്നിവരാണ് പഠനം നടത്തിയത്.
കടൽഭിത്തി കെട്ടൽ തീരശോഷണത്തിന് പരിഹാരമല്ലെന്ന് ഇവർ വ്യക്തമാക്കി. പല തീരദേശങ്ങളിലും പുലിമുട്ടുകളിട്ടതാണ് തീരശോഷണത്തിന് ആക്കം കൂട്ടിയത്. ഓരോ പ്രദേശങ്ങളുടെയും സ്വഭാവം അറിഞ്ഞുള്ള പരിഹാരമാർഗങ്ങളാണ് അവലംബിക്കേണ്ടത്. ചില സ്ഥലങ്ങളിൽ പ്രകൃതിദത്ത പരിഹാരമാർഗങ്ങളും മറ്റുചിലയിടങ്ങളിൽ ശാസ്ത്രീയ പിൻബലത്തോടെയുള്ള പരിഹാര മാർഗങ്ങളും നടപ്പാക്കണം. ഇതിനായി ആദ്യം ചെയ്യേണ്ടത് തീരദേശ ശോഷണ ഹോട്ട്സ്‌പോട്ടുകളുടെ പട്ടിക തയ്യാറാക്കലാണ്. തീരസംരക്ഷണത്തിനായി ഹ്രസ്വകാല, ദീർഘകാല കർമ്മപദ്ധതികളും റിപ്പോർട്ട് അവതരിപ്പിച്ചിട്ടുണ്ട്.