dddd

തിരുവനന്തപുരം: നഗര - ഗ്രാമപ്രദേശങ്ങളിൽ പരിശോധന കടുപ്പിച്ചതോടെ ഗതാഗതക്കുരുക്കും ഇരട്ടിച്ചു. രാവിലെയും വൈകിട്ടുമാണ് പൊലീസ് പരിശോധനകൾ കടുപ്പിക്കുന്നത്. പ്രധാന റോഡുകളിലെ ബാരിക്കേ‌ഡ് നിരത്തിയുള്ള പരിശോധനയിൽ സത്യവാങ് മൂലവും ഐ.ഡി കാർഡ് അടക്കമുള്ളവയും കണ്ട് ബോദ്ധ്യപ്പെട്ടതിനും ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷവുമാണ് യാത്ര തുടരാൻ അനുവദിക്കുന്നത്. ഇതിന് കുറച്ച് സമയമെടുക്കുന്നതിനാൽ ഗതാഗതക്കുരുക്ക് വർദ്ധിക്കുന്നതായി പരാതിയുയർന്നു. നഗരത്തിലെ പ്രവേശന കവാടങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. നഗരത്തിലെ പ്രധാന റോഡുകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മുന്നിൽ കൂട്ടംകൂടുന്നവരെ താക്കീത് നൽകി പറഞ്ഞയ്ക്കുകയും കടകൾക്ക് മുന്നിലൂടെയുള്ള പട്രോളിംഗും പൊലീസ് വർദ്ധിപ്പിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളും പരിശോധനയും കടുപ്പിച്ചിട്ടും നിസാര കാരണങ്ങൾ പറഞ്ഞ് കൂടുതൽ പേർ പുറത്തിറങ്ങുന്നതായി പൊലീസ് പറഞ്ഞു. ഇവർക്ക് കനത്ത പിഴ ചുമത്തി വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

സിറ്റിയിൽ ഇന്നലെ 628 കേസുകളിലായി 54പേരെ പിടികൂടി. 274 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. റൂറൽ മേഖലയിൽ 1325 കേസുകളിലായി 760 പേർ പിടിയിലായി. 1022 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.