കോവളം:വിഴിഞ്ഞത്ത് ഓട്ടോറിക്ഷ വെയിറ്റിംഗ് ഷെഡിൽ ഇടിച്ച് മറിഞ്ഞ് യാത്രക്കാരനായ മത്സ്യതൊഴിലാളി മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരൻ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മത്സ്യ ബന്ധനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പുതിയതുറ മേലെടത്തു വിളാകം വീട്ടിൽ ജെ. പീറ്റർ (55) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ വിഴിഞ്ഞം മുക്കോല ജംഗ്ഷനിലായിരുന്നു അപകടം.വിഴിഞ്ഞത്ത് മത്സ്യബന്ധനം കഴിഞ്ഞ് സഹോദരൻ ക്ലമൻറുമായി ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. റോഡിലേക്ക് തെറിച്ച് വീണ് തലയ്ക്ക് പരിക്കേറ്റ പീറ്ററിന്റെ ദേഹത്തു കൂടി ഓട്ടോ കയറിയിറങ്ങിയതായും ബന്ധുക്കൾ പറഞ്ഞു. പീറ്ററിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണമടഞ്ഞു. കാലിന് പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറായ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി റോസ്‌മോനെ (52) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീറ്ററിന്റെ ഭാര്യ ജനോവി. പ്രവീൺ, പ്രമോദ് ,അന്ന എന്നിവർ മക്കൾ.