ആരംഭദിശയിലെ പ്രോസ്റ്റേറ്റ് കാൻസറിന്റെ ചികിത്സാമാർഗങ്ങൾ റാഡിക്കൽ പ്രോസ്റ്റാറൈറക്ടമി, റേഡിയോ തെറാപി, ക്രയോസർജറി, ഹൈ ഇന്റൻസിറ്റി ഫോക്കസ്‌ഡ് അൾട്രാസൗണ്ട്, ചികിത്സ ഒന്നും കൂടാതെയുള്ള കൃത്യമായ നിരീക്ഷണം മുതലായവയാണ്.
പ്രോസ്റ്റേറ്റ് കാൻസർ വളരെ മന്ദഗതിയിൽ വളരുന്ന ഒരു അസുഖമാണ്. ഉയർന്ന ഗ്രേഡിലുള്ള പ്രോസ്റ്റേറ്റ് കാൻസർ ചികിത്സയൊന്നും നൽകിയില്ലെങ്കിൽ തന്നെ 8മുതൽ10 വർഷം വരെ രോഗി ജീവിക്കും. 65 വയസിൽ കുറവുള്ള രോഗികൾക്ക് റാഡിക്കൽ പ്രോസ്റ്റാറൈറക്ടമി ചെയ്താൽ ജീവിതദൈർഘ്യം കൂട്ടാനും കാൻസർ വ്യാപനം തടയാനുമാകും. തുറന്നുള്ള ശസ്ത്രക്രിയ, റോബോട്ടിക് ശസ്ത്രക്രിയ മുതലായവ താരതമ്യം ചെയ്താൽ കാൻസർ നിയന്ത്രണം, മൂത്രനിയന്ത്രണശേഷി, ലൈംഗികശേഷി മുതലായവ ഇരുവിഭാഗങ്ങളിലും തുല്യമാണ് എന്നു കാണാം.
റോബോട്ടിക് ശസ്ത്രക്രിയയ്ക്ക്, തുറന്നുള്ള ശസ്ത്രക്രിയയെ അപേക്ഷിച്ച് രക്തനഷ്ടം വളരെ കുറവാണ്. തിരഞ്ഞെടുക്കപ്പെട്ട രോഗികൾ മറ്റ് ചികിത്സാമാർഗങ്ങൾ ശസ്ത്രക്രിയയ്ക്ക് മുമ്പ് ചെയ്യാൻപാടില്ല. ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന പ്രായമായ രോഗികൾക്ക് മൂത്രനിയന്ത്രണശേഷി, ലൈംഗികശേഷി മുതലായവ കുറയാനുള്ള സാദ്ധ്യതയുണ്ട്. ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന രോഗിയിൽ പ്രോസ്റ്റേറ്റ് കാൻസർ കാപ്‌സൂളിന് വെളിയിലേക്ക് വ്യാപിച്ച് കണ്ടാൽ റേഡിയേഷൻ ചികിത്സയ്ക്ക് വിധേയനാകേണ്ടിവരും.
ആരംഭദിശയിലെ പ്രോസ്റ്റേറ്റ് കാൻസർ രോഗികൾക്ക് മൂത്രതടസമുണ്ടങ്കിൽ റേഡിയേഷൻ ചികിത്സയേക്കാളും ശസ്ത്രക്രിയയാണ് അഭികാമ്യം.
പത്തുവർഷത്തിൽ കൂടുതൽ ജീവിതദൈർഘ്യമുള്ള രോഗികൾക്ക് ക്രയോസർജറി മറ്റൊരു ചികിത്സാരീതിയാണ്. ക്രയോസർജറിക്ക് വിധേയനാകുന്ന രോഗിക്ക് ലൈംഗികശേഷിക്കുറവ്, മൂത്രനിയന്ത്രണശേഷിക്കുറവ് മുതലായവ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്.
ആരംഭദിശയിലെ പ്രോസ്റ്റേറ്റ് കാൻസർ രോഗികൾക്ക് ചികിത്സയൊന്നുംകൂടാതെ നിരീക്ഷണത്തിൽ കഴിയുകയാണെങ്കിൽ കൃത്യമായ കാലയളവിൽ പി.എസ്.എ പരിശോധന, മലദ്വാരത്തിന് കൂടിയുള്ള പരിശോധന മുതലായവ ചെയ്യണം. ഇത്തരം രോഗികൾക്ക് കൃത്യമായ കാലയളവിൽ ബയോപ്സി പരിശോധനകളും ചെയ്യേണ്ടതുണ്ട്. രോഗികൾക്ക് അസുഖത്തിന്റെ സ്വഭാവത്തിന് വ്യതിയാനം ഉണ്ടാവുകയാണെങ്കിൽ മേൽപ്പറഞ്ഞ മറ്റു ചികിത്സാമാർഗങ്ങൾ സ്വീകരിക്കേണ്ടിവരും.