വിതുര: പേപ്പാറ ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്നലെ രാവിലെ 6ന് ഡാമിലെ നാല് ഷട്ടറുകളും അഞ്ച് സെന്റിമീറ്റർ വീതം ഉയർത്തി. പേപ്പാറ ഡാമിന്റെ വൃഷ്ടി പ്രദേശത്തും വനമേഖലയിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ചെയ്തിരുന്നു. ഇതോടെ ഡാമിലെ ജലനിരപ്പ് ഒരുമീറ്ററിൽ കൂടുതൽ വർദ്ധിച്ചു. 104 മീറ്റർ ജലമാണ് ഡാമിലുണ്ടായിരുന്നത്. മഴപെയ്തതോടെ 105.20 മീറ്റർ ആയി ഉയർന്നു. ഡാമിന്റെ സംഭരണശേഷി 110 മീറ്റർ ആണ്. സാധാരണ 107 മീറ്റർ ജലനിരപ്പ് ഉയരുമ്പോഴാണ് ഡാമിലെ ഷട്ടറുകൾ ഉയർത്താറുള്ളത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിലെ ഷട്ടറുകൾ കഴിഞ്ഞയാഴ്ചയും തുറന്നിരുന്നു.ഇടവപ്പാതിയുടെ ഭാഗമായി ജൂണിൽ ശക്തമായ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ജില്ലാ കലക്ടർ ഡാം തുറക്കാൻ നിർദ്ദേശം നൽകിയത്.
പടം
പേപ്പാറ ഡാമിലെ ഷട്ടറുകൾ ഇന്നലെ രാവിലെ ഉയർത്തിയപ്പോൾ