വർക്കല: കൊവിഡ് രോഗവ്യാപനം സംസ്ഥാന ശരാശരിയുടെ ഇരട്ടിയിലധികമായിരുന്ന വർക്കല നഗരസഭയിൽ രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞ് തുടങ്ങി. ഞായറാഴ്ചത്തെ കണക്ക് പ്രകാരം വർക്കല നഗരസഭയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 38 ശതമാനമായിരുന്നു. ഇത് സംസ്ഥാന ശരാശരിയുടെ ഇരട്ടിയിലധികമായിരുന്നു. എന്നാൽ ചൊവ്വാഴ്ചയോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19 ആയി കുറഞ്ഞിട്ടുണ്ട്.
ചൊവ്വാഴ്ച 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1976 രോഗികളാണ് ഇപ്പോൾ നഗരസഭ പ്രദേശത്തുള്ളത്. ഇതിൽ 350 പേർ കടുത്ത രോഗബാധയുള്ളവരാണ്. 252 പേർ വീടുകളിലും 78 പേർ സി.എഫ്.എൽ.ടി.സികളിലും 18 പേർ ആശുപത്രിയിലും 2 പേർ ഡി.സി.സിയിലും ചികിത്സയിൽ കഴിയുന്നു. 656 പേർ ക്വാറന്റൈനിലാണ്. ചൊവ്വാഴ്ച 66 ആർ.ടി.പി.സി.ആർ ടെസ്റ്റുകളാണ് നടന്നത്. താലൂക്ക് ആശുപത്രിയിൽ 39 പേർക്ക് ആന്റിജൻ ടെസ്റ്റും നടത്തി. 273 പേർ വാക്സിനേഷൻ സ്വീകരിച്ചു. ഇതു വരെ 12,476 പേരാണ് നഗരസഭ പ്രദേശത്ത് വാക്സിനേഷൻ സ്വീകരിച്ചിട്ടുള്ളത്.
85 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി. രോഗവ്യാപന തോതിൽ കുറവ് അനുഭവപ്പെട്ട് തുടങ്ങിയെങ്കിലും നിയന്ത്റണങ്ങളിൽ അയവ് വരുത്താൻ ഇനിയും കാലതാമസം നേരിടുമെന്ന് നഗരസഭ ചെയർമാൻ കെ.എം. ലാജി പറഞ്ഞു.
നാല് വാർഡുകളിൽ രോഗവ്യാപനം കൂടുതൽ
മൈതാനം വാർഡിൽ 34 ഉം മുണ്ടയിൽ 20 ഉം കല്ലംകോണത്ത് 29ഉം പുന്നമൂട്ടിൽ 19ഉം പേർക്കാണ് രോഗബാധയുള്ളത്. ഇതിന് പുറമെ 10ന് മേൽ രോഗികളുള്ള വാർഡുകളുമുണ്ട്. രോഗികൾ കൂടുതലുള്ള വാർഡുകൾ അടച്ചിടുന്നതുൾപ്പെടെ രോഗവ്യാപനം തടയാൻ വേണ്ടിയുള്ള നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ചെയർമാൻ പറഞ്ഞു. വാർഡ് തല ജാഗ്രതാസമിതികളുടെ യോഗം കൂടി ഇക്കാര്യത്തിൽ തീരുമാനമെടുക്കും.