കൊയിലാണ്ടി: ഇന്ന് അർദ്ധരാത്രിയോടെ ട്രോളിംഗ് നിരോധനം വരുമ്പോൾ കൊയിലാണ്ടിയിൽ പരമ്പരാഗത മത്സ്യ തൊഴിലാളികൾ പ്രതീക്ഷയിൽ. കൊയിലാണ്ടി മേഖലയിൽ ഭൂരിഭാഗം തൊഴിലാളികളും പരമ്പരാഗത രീതിയാണ് മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നത്. കൊയിലാണ്ടി ഹാർബറിൽ നാല്പതോളം ബോട്ടുകൾ ഉണ്ടെങ്കിലും ട്രോളിംഗ് കാലത്ത് അവരും ചെറുവള്ളങ്ങളിൽ മത്സ്യബന്ധനത്തിന് പോകും. ഇക്കാലയളവിൽ മത്തി, അയല, ചെമ്മീൻ, നത്തൽ എന്നിവയാണ് കൂടുതൽ കിട്ടാറ്. എന്നാൽ നാലഞ്ച് വർഷമായി മത്തി കിട്ടാറില്ലെന്നും തൊഴിലാളികൾ പറഞ്ഞു. ഈ സമയത്ത് മത്സ്യത്തിന് നല്ല വില ലഭിക്കുകയും ചെയ്യും. മുടങ്ങി കിടക്കുന്ന ബാങ്ക് അടവുകൾ അടയ്ക്കുന്നത് മൺസൂൺ കാല തൊഴിലിലൂടെയാണ്.
തൊഴിലാളികൾക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ് ഇറക്കുമതിമത്സ്യം. ആന്ധ്ര, തമിഴ്നാട്, ഒറീസ, ഗോവ, എന്നിവിടങ്ങളിൽ നിന്ന് വൻ തോതിലാണ് കൊയിലാണ്ടിയിൽ മീൻ എത്തുന്നത്. യാതൊരു പരിശോധനയും നടക്കാറില്ല. കൊയിലാണ്ടിയുടെ കിഴക്കൻ ഭാഗങ്ങളിലേക്കും മറ്റുമാണ് കൂടുതലും പോകുന്നത്. മൺസൂൺ കാലത്ത് കൊയിലാണ്ടിയിലും സമീപത്തെ മാർക്കറ്റുകളിലുമാണ് നാടൻ മത്സ്യം വിറ്റഴിക്കുന്നത്.