മലയിൻകീഴ്: മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മാവോട്ട്കോണം വാർഡിലുൾപ്പെട്ട അന്തിയൂർക്കോണം കുടിശ്ശിലികോണം-കൊല്ലോട് ബണ്ട് റോഡ് തകർന്നിട്ട് വർഷങ്ങൾ കഴിഞ്ഞു. പ്രദേശവാസികളുടെ ഏക ആശ്രയമായ ഈ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.15 വർഷം മുൻപ് മാവോട്ട്കോണം നിവാസികൾ മുന്നിട്ടിറങ്ങി നിർമ്മിച്ച ഈ ബണ്ട് റോഡിന് കരിങ്കൽകെട്ടുകൾ ഇല്ലാത്തതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം.
അന്തിയൂർക്കോണം-കൊല്ലോട് ബണ്ട് റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി ത്രിതല പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇക്കഴിഞ്ഞ മഴയിൽ ശേഷിച്ച ബണ്ടിന്റെ ഭാഗവും വെള്ളമെടുത്തു. ഇരുചക്രവാഹനങ്ങളും മറ്റ് ചെറുവാഹനങ്ങളും കടന്ന് പോയിരുന്നപ്പോൾ അത്യാവശ്യഘട്ടങ്ങളിൽ ആശുപത്രിയിലെത്താൻ ഈ റോഡ് പര്യാപ്തമായിരുന്നു. എന്നാലിപ്പോൾ കാൽനട പോലും സാദ്ധ്യമാക്കത്ത നിലയിലാണ് റോഡിന്റെ അവസ്ഥ. യാത്രക്കാർ അന്തിയൂർക്കോണം ബണ്ട് റോഡിലെ തോട്ടിൽ വീണ് നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
** പരിഹാരം വേണം
ബണ്ട് നവീകരണത്തിന് 10 ലക്ഷം രൂപ അനുവദിച്ചതായി 5 വർഷം മുൻപ് ജനപ്രതിനിധികൾ അറിയിച്ചിരുന്നെങ്കിലും അത് ഉപയോഗിക്കാതെ ഫണ്ട് ലാപ്സായി പോവുകയായിരുന്നു. 4,95,000 രൂപ വിനിയോഗിച്ച് 397 ദിവസം കൊണ്ട് തൊഴിലുറപ്പ് പദ്ധതിപ്രകാരം ബണ്ട് റോഡിലെ പാഴ്ച്ചെടികൾ വെട്ടിമാറ്റുകയും വൃത്തിയാക്കി. അല്ലാതെ മറ്റ് നവീകരണ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല. ബണ്ട് റോഡിന് 300 മീറ്റർ ദൂരം മാത്രമേയുള്ളു. ബണ്ടിൽ സംരക്ഷണ ഭിത്തി കരിങ്കൽ കെട്ടി ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമുണ്ടാക്കണ മെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
** ബണ്ട് റോഡിന്റെ ദൂരം...... 300 മീറ്റർ
** നവീകരണത്തിന് അനുവദിച്ചത്.. 10 ലക്ഷം
** തുക അനുവദിച്ചത്........ 5 വർഷം മുൻപ്
** ആകെ നടന്നത്...... തൊഴിലുറപ്പ് പദ്ധതിയിൽ പാഴ്ച്ചെടികൾ വെട്ടിമാറ്റി
** കാട് മൂടി ബണ്ട് റോഡ്
നിരവധി കുടുംബങ്ങളാണ് യാത്രയ്ക്ക് ഈ ബണ്ട് റോഡിനെ ആശ്രയിയ്ക്കുന്നത്. പാഴ്ച്ചെടികൾ വീണ്ടും വളർന്ന് ഇഴജന്തുക്കൾ താവളമാക്കിയിരിക്കുകയാണ്. വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ റോഡ് നവീകരിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. ബണ്ട് റോഡിന്റെ ശോചനീയാവസ്ഥ നേരിട്ടറിയുന്നതിന് ഐ.ബി. സതീഷ്.എം.എൽ.എ സ്ഥലം സന്ദർശിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരണം: അന്തിയൂർക്കോണം കുടിശ്ശിലികോണം-കൊല്ലോട് ബണ്ട് റോഡ് നവീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പദ്ധതിയിൽ നവീകരണ തുക വീണ്ടും എസ്റ്റിമേറ്റ് എടുത്തശേഷം ഉൾപ്പെടുത്തും. പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമുണ്ടാക്കും. എസ്. സുരേഷ്ബാബു, മലയിൻകീഴ് ഗ്രാമപായത്ത് വൈസ് പ്രസിഡന്റ്
(ഫോട്ടോ അടിക്കുറിപ്പ്.....ബണ്ട് തകർന്ന് കിടക്കുന്ന അന്തിയൂർക്കോണം-കൊല്ലോട് റോഡ്.
ബണ്ട് ഇടിഞ്ഞ് താണ് കിടക്കുന്നു.
തൊഴിലുറപ്പ് ജോലി ചെയ്തതിന്റെ ഫലകം.))