പാലോട്: അൻപത് വർഷമായി പശുവളർത്തൽ ഉപജീവന മാർഗ്ഗമാക്കിയ വട്ടക്കരിക്കകം ബ്ലോക്ക് നമ്പർ 1030 ൽ രതീഷ് ഭവനിൽ തങ്കപ്പൻ നായർ(70) എന്ന കരുപ്പോട്ടി തങ്കപ്പണ്ണൻ എന്ന മാതൃകാ കർഷകൻ ഒരു നാടിന്റെ തന്നെ വിസ്മയമാകുന്നു. പുലർച്ചേ മൂന്നിന് ഉറക്കമുണരുന്നതു മുതൽ ഒരു ദിവസം മുഴുവനും തന്റെ പശുക്കൾക്കു വേണ്ടിയാണ് അദ്ദേഹം മാറ്റി വയ്ക്കുന്നത്. പശുകറവ മുതൽ വീടുകളിൽ പാൽ എത്തിക്കുന്നതും ഇദ്ദേഹം തന്നെ. തൊഴുത്തു വൃത്തിയാക്കി കാലികളെ കുളിപ്പിച്ച് കറവക്കായി ഒരുങ്ങുമ്പോൾ 4 മണിയാകും. തുടർന്ന് കുപ്പികളിലാക്കിയ പാല് വീടുകളിലും കടകളിലും എത്തിക്കും. ഇരു കൈയിലും പാൽപാത്രവുമായി പോകുന്ന തങ്കപ്പണ്ണനാണ് എക്സ്കോളനിയിലെ മിക്ക വീടുകളിലേയും കണി. തുടർന്ന് വീട്ടിലെത്തി കാപ്പി കുടിയും കഴിഞ്ഞ് വെയിലുറക്കും മുൻപ് പറമ്പിലേക്കിറങ്ങും. കാലികൾക്കാവശ്യമായ പുല്ല് ശേഖരിക്കാൻ. തുടർന്ന് അല്പം ഭക്ഷണം കഴിച്ച് വീണ്ടും തൊഴുത്തിലേക്ക് തുടർന്ന് കറവയിലേക്കും. വാതരോഗം ചെറുതായി അലട്ടുന്നതൊഴിച്ചാൽ മറ്റ് അസുഖങ്ങളൊന്നും കാര്യമായില്ല. പത്ത് പശുക്കളുണ്ടായുന്ന തൊഴുത്തിൽ ഇപ്പോൾ അഞ്ചെണ്ണമേ ഉള്ളൂ. തങ്കപ്പണ്ണന്റെ ഭാര്യ ചന്ദ്രിക അമ്മയും എല്ലാത്തിനും ഒപ്പമുണ്ട്. പുലരുന്നതു മുതൽ ഗോക്കളെ മേക്കാൻ തങ്കപ്പണ്ണനോടൊപ്പം ചന്ദ്രിക അമ്മയും ഉണ്ടാകും. ഇവരുടെ മൂന്ന് മക്കളുടെയും പഠനവും വിവാഹവും എല്ലാം ഈ വരുമാനത്തിൽ നിന്നാണ് നടത്തിയത്.