post-office-

ചിറയിൻകീഴ്: പതിറ്റാണ്ടുകൾ പഴക്കമുള്ള കടകം തപാൽ ഓഫീസ് മന്ദിരം പരാധീനതകളുടെ നടുവിൽ. സ്വകാര്യ വ്യക്തിയിൽ നിന്ന് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുത്തതാണ് ഈ മന്ദിരം.

സർക്കാരിന്റെ സ്വന്തം മന്ദിരമല്ലാത്തതിനാൽ അറ്റകുറ്റപ്പണികൾക്കായി അധികൃതർ ഇവിടെ തിരിഞ്ഞുനോക്കാറില്ല. തുച്ഛമായ വാടകയായതിനാൽ സ്വകാര്യവ്യക്തിക്കും വേണ്ട വിധത്തിൽ അറ്റകുറ്റപ്പണികൾ നടത്താനാവുന്നില്ല.

പോസ്റ്റ്മാസ്റ്ററും പോസ്റ്റ്മാനും അടക്കം രണ്ട് ജീവനക്കാരാണ് ഇവിടെയുള്ളത്. വിവിധയിനം പെൻഷനുകൾ ഉൾപ്പടെ നിരവധി ഉപഭോക്താക്കൾ ഈ പോസ്റ്റാഫീസിന് പരിധിയിലുണ്ട്. ഇതിന് പുറമേ പ്രതിമാസം 2500ലേറെ തപാൽ ഉരുപ്പടികൾ ഇവിടം വഴി വിതരണം ചെയ്യുന്നുണ്ട്. ചിറയിൻകീഴിന്റെ സബ് പോസ്റ്റാഫീസായ കടകം തപാലാഫീസിനോട് അധികൃതർ എപ്പോഴും അവഗണനാ മനോഭാവമാണ് കാണിക്കുന്നതെന്ന പരാതി വ്യാപകമാണ്.

കടകത്ത് തന്നെ സൗകര്യങ്ങളുള്ള മറ്റൊരു മന്ദിരത്തിലേക്ക് തപാലാഫീസ് മാറ്റണമെന്ന ആവശ്യം ശക്തമാണ്. ഡെപ്പോസിറ്റും കൂടുതൽ വാടകയും കൊടുത്ത് മറ്റൊരു മന്ദിരം തരപ്പെടുത്താൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് തയ്യാറാകുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ട കാര്യം.

പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത് - ഒറ്റമുറി കെട്ടിടത്തിൽ

നവീകരണമില്ല

ഓലമേഞ്ഞ മേൽക്കൂരയായിരുന്നു ഇവിടെ. അത് മാറ്റി ഷീറ്റിട്ടതാണ് വർഷങ്ങൾക്കിപ്പുറം ഇവിടെ വന്ന ഏക മാറ്റം.

പ്രശ്നങ്ങൾ

1)കാലപ്പഴക്കം കൊണ്ട് മന്ദിരത്തിന്റെ ചുവരുകൾ പൊട്ടിപ്പൊളിഞ്ഞ് ഏത് നിമിഷം വേണമെങ്കിലും നിലം പൊത്താവുന്ന അവസ്ഥയിൽ

2)സ്ഥല പരിമിതിയാണ് ഇവിടുത്തെ മറ്റൊരു പ്രശ്നം. പോസ്റ്റോഫിസിൽ എത്തുന്നവർക്ക് യഥാവിധി ഇരുന്ന് എഴുത്തുകുത്തുകൾ നടത്തുന്നതിന് യാതൊരുവിധ സൗകര്യവുമില്ല.

നാട്ടുകാരുടെ ആവശ്യം

കയർ - കർഷക - മത്സ്യ മേഖലയിൽ പണിയെടുക്കുന്ന നിർദ്ധനരാണ് ഇവിടെയുള്ളത്. മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ഒരു പോസ്റ്റോഫീസ് അവരുടെയും സ്വപ്നമാണ്. അധികൃതർ ഇനിയെങ്കിലും ഈ വിഷയത്തിലിടപെടാൻ അമാന്തിക്കരുതെന്നാണ് നാട്ടുകാരുടെ അഭ്യർത്ഥന.

അസൗകര്യങ്ങളുടെയും അപര്യാപ്തതയുടെയും നടുവിലാണ് കടകം പോസ്റ്റാഫീസ് പ്രവർത്തിക്കുന്നത്. ഈ വിഷയത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ ശ്രമിക്കണം.

പി. മുരളി, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്