പാലോട്: കൊവിഡ് മൂലം മരണമടഞ്ഞ വികലാംഗൻ കൂടിയായ പാലോട് പ്ലാവിള വിഷ്ണുഭവനിൽ ലോറൻസിന്റെ കുടുംബത്തിന്റെ ദുരിത കഥ കേരളകൗമുദിയിലൂടെ വായിച്ചറിഞ്ഞ സുമനസ്സുകളും തോന്നക്കൽ സായി ഗ്രാമവും സഹായവും ആയി എത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ രാജ് കുമാർ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ബിച്ചു സബിൻ എന്നിവർ ഭക്ഷ്യവസ്തുക്കൾ എത്തിച്ചു. വിഷ്ണുവും, വൈഷ്ണവിയും പഠിക്കുന്ന എസ്.കെ.വി.ഹയർ സെക്കന്ററി സ്കൂളിൽ നിന്നും പതിനായിരം രൂപ നൽകി. തോന്നക്കൽ സത്യസായി ഓർഫനേജ് ട്രസ്റ്റ് ഫൗണ്ടറും എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ കുടുംബത്തിന് മുഴുവൻ ആവശ്യമായ വസ്ത്രങ്ങളും, പഠന ഉപകരണങ്ങളും, ഭക്ഷ്യവസ്തുക്കളും എത്തിച്ചു. ഇനി പ്ലസ് വണ്ണിൽ പഠിക്കാനുള്ള വിഷ്ണുവിനും പത്താം ക്ലാസ്സിലെത്തിയ വൈഷ്ണവിക്കും ഓൺലൈൻ വിദ്യാഭ്യാസത്തിനായ് സായി ഗ്രാം ഡയറക്ടർ ബോർഡ് അംഗം അഡ്വ. മുട്ടത്തറ വിജയകുമാർ മൊബൈൽ ഫോൺ എത്തിച്ചു നൽകി. അതോടൊപ്പം തന്നെ പഞ്ചായത്തിൽ നിന്നും ലഭിച്ച പണി പൂർത്തിയാകാത്ത വീടിന്റെ മെയിന്റനൻസ് നടത്തി താമസ യോഗ്യമാക്കാമെന്നും അതുവരെ കുടുംബത്തിന് മാറി താമസിക്കാനായി വാടകവീടൊരുക്കാനും ആനന്ദകുമാർ നിർദ്ദേശം നൽകിയിട്ടുണ്ട്. വിഷ്ണുവിന്റെയും വൈഷ്ണവിയുടേയും അമ്മ മിനി ഹൃദ്രോഗി ആയതിനാൽ ഒരു ജോലിക്കും പോകാൻ കഴിയില്ല. നന്ദിയോട്, പാലോട് ഭാഗങ്ങളിലെ കടകളിൽ വെള്ളം കോരി കൊടുത്ത് കിട്ടുന്ന തുശ്ചമായ വരുമാനത്തിലാണ് ലോറൻസ് കുടുംബം പുലർത്തിയിരുന്നത്. ഇദ്ദേഹത്തിന്റെ മരണത്തോടെ അനാഥമായ കുടുംബത്തിനാണ് കേരളകൗമുദി നൽകിയ വാർത്തയോടെ സഹായം ലഭിച്ചുതുടങ്ങിയത്.