kk

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇൻസിനറേറ്റർ സ്ഥാപിക്കാൻ ഇതുവരെ ചെലവാക്കിയത് ഒന്നരക്കോടിയോളം രൂപ. കെ.എം.എസ്.സി.എല്ലിനും (കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ്) പി.ഡബ്ല്യു.ഡിക്കുമാണ് കെട്ടിട നിർമ്മാണത്തിനും ഇൻസിനറേറ്റർ വാങ്ങാനുമായി തുക കൈമാറിയത്.

എന്നാൽ രണ്ടുവർഷം കഴിഞ്ഞിട്ടും ഇൻസിനറേറ്റർ സ്വപ്‌നമായി അവശേഷിക്കുകയാണ്. 25 ലക്ഷത്തോളം രൂപ കെ.എം.എസ്.സി.എല്ലിന് കൈമാറിയെങ്കിലും മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശപ്രകാരം ബയോ മെഡിക്കൽ ഇൻസിനറേറ്റർ മാത്രമേ ആശുപത്രികളിൽ സ്ഥാപിക്കാൻ അനുമതിയുള്ളൂ.

എന്നാൽ സാധാരണ ഇൻസിനറേറ്റർ വാങ്ങാൻ മാത്രമാണ് ഫണ്ട് അനുവദിച്ചിരുന്നത്. വിലയിൽ വ്യത്യാസമുള്ളതിനാൽ ഇനിയും 20 ലക്ഷത്തോളം രൂപയുണ്ടെങ്കിലേ ബയോ മെഡിക്കൽ ഇൻസിനറേറ്റർ വാങ്ങാനാകൂ. ബാക്കിയുള്ള ഫണ്ട് ഇതുവരെയും അനുവദിച്ചിട്ടില്ലെന്നാണ് വിവരം.

മെഡിക്കൽ കോളേജ് കാമ്പസിൽ ഫാർമസി കോളേജിന് സമീപമാണ് സ്ഥലം കണ്ടെത്തിയത്. ഇൻസിനറേറ്റർ വാങ്ങാൻ കഴിയാതിരുന്നതോടെ ഇവിടത്തെ പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ ജോലികളും ആരംഭിച്ചിട്ടില്ല. ജീവനക്കാരുടെ ഓഫീസും പൂന്തോട്ടവും അടങ്ങുന്ന പ്ലാനിലാണ് ഇൻസിനറേറ്റർ കെട്ടിടം നിർമ്മിക്കുന്നത്.

ബയോ മെഡിക്കൽ മാലിന്യം

കൊണ്ടുപോകുന്നത് പാലക്കാട്


ബയോ മെഡിക്കൽ മാലിന്യങ്ങൾ 60 കിലോമീറ്ററിന് പുറത്തേക്ക് കൊണ്ടുപോകരുതെന്ന് നിയമമുണ്ടെങ്കിലും മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികളിലെ ബയോ മെഡിക്കൽ മാലിന്യങ്ങൾ ഐ.എം.എയുടെ പാലക്കാട്ടെ ഇമേജിലേക്ക് കൊണ്ടുപോയാണ് സംസ്‌കരിക്കുന്നത്. അവരവരുടെ സ്ഥാപനങ്ങളിൽ തന്നെ ബയോ മെഡിക്കൽ മാലിന്യങ്ങൾ സംസ്‌കരിക്കണമെന്ന നിയമമുണ്ടെങ്കിലും മിക്ക ആശുപത്രികളിലും ഇത് പാലിക്കപ്പെടുന്നില്ല. സംസ്‌കരണ സംവിധാനമില്ലാത്തതിനാൽ നടപടികൾ സ്വീകരിക്കാതെ മലിനീകരണ നിയന്ത്രണ ബോർഡും മെഡിക്കൽ കോളേജിന്റെ കാര്യത്തിൽ കണ്ണടയ്ക്കുന്നുണ്ട്.

ഭക്ഷണാവശിഷ്ടങ്ങൾ ബയോഗ്യാസ് വഴിയും കോമ്പൗണ്ട് വേസ്റ്റ് ഉൾപ്പെടെയുള്ളവ മെ‌ഡിക്കൽ കോളേജിലെ ഫർണസ് വഴിയുമാണ് നിർമാർജനം ചെയ്യുന്നത്. രോഗികളുടെ കൂട്ടിരിപ്പുകാരും മറ്റും നിക്ഷേപിക്കുന്ന ഭക്ഷണേതര മാലിന്യങ്ങളാണ് കവറിൽ കെട്ടി മണ്ണിനടിയിലാക്കുന്നത്. എസ്.എ.ടി വളപ്പിൽ പിൻഭാഗത്തായി സ്ഥാപിച്ചിട്ടുള്ള ഫ‌ർണസിൽ പ്രതിദിനം സംസ്‌കരിക്കാൻ കഴിയുന്ന മാലിന്യത്തിന്റെ അളവ് 1000 കിലോയാണ്. 5000 കിലോവരെ സംസ്‌കരിക്കുന്നതോടെ ഫർണസ് ഇടയ്‌ക്കിടെ പണിമുടക്കാറുണ്ട്.

ചാക്കുകെട്ടുകളിൽ മാലിന്യം

തള്ളാൻ ആൾക്കാരെത്തും

140 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന കാമ്പസിൽ മെഡിക്കൽ കോളേജ്, മെഡിക്കൽ കോളേജ് ആശുപത്രി, എസ്.എ.ടി. ആശുപത്രി, ശ്രീചിത്ര ആശുപത്രി, റീജിയണൽ കാൻസർ സെന്റർ, ഡെന്റൽ കോളേജ്, നഴ്സിംഗ് കോളേജ്, ഫാർമസി കോളേജ്, പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഡി.എം.ഇ ഓഫീസ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളുണ്ട്. രോഗികളും കൂട്ടിരിപ്പുകാരുമുൾപ്പെടെ 25,000ലധികം ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി ദിവസവും ഇവിടെയെത്തുന്നത്. ഇവർ കൊണ്ടുവരുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളും വലിച്ചെറിയുകയാണ്. പുറമെ നിന്നെത്തുന്നവർ പോലും രാത്രിയിൽ വാഹനങ്ങളിലെത്തി ചാക്കുകളിൽ മാലിന്യം ഉപേക്ഷിക്കാറുണ്ട്. കൊവിഡ് വ്യാപനത്തോടെ ഇതിന്റെ അളവ് അല്പം കുറഞ്ഞിട്ടുണ്ട്.

ഇൻസിനറേറ്ററിന്റെ കാര്യം സംബന്ധിച്ച ഫയൽ ഇതുവരെ കണ്ടിട്ടില്ല, സെക്‌ഷനുകളിൽ ജീവനക്കാരുടെ അപര്യാപ്‌തതയുണ്ട്. ഫയൽ കാണാതെ കൂടുതൽ കാര്യങ്ങൾ പറയാനാവില്ല.

ഡോ. സാറ വർഗീസ്, പ്രിൻസിപ്പൽ

മെഡ‌ിക്കൽ കോളേജ്