flats

പാറശാല : ടൗക്‌തേ ചുഴലിക്കാറ്റിനെ തുടർന്ന് പൊഴിയൂരിലെ തീരങ്ങളും മത്സ്യത്തൊഴിലാളി ഭവനങ്ങളും കടൽ കവർന്നിട്ട് ഒരു മാസത്തോളം പിന്നിടുമ്പോഴും കടലിന്റെ മക്കൾക്ക് ആശ്വാസം വാക്കുകളിൽ മാത്രം. വീടുകൾ തകർന്ന മത്സ്യത്തൊഴിലാളികൾ ഇന്നും പൊഴിയൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. കഴിഞ്ഞ 2017 നവംബറിൽ ഉണ്ടായ ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി തീരദേശ വകുപ്പ് പുനരധിവാസ പദ്ധതിയിലൂടെ നിർമ്മിച്ച 128 ഫ്ലാറ്റുകൾ ഉദ്ഘാടനം ചെയ്തിട്ട് നാല് മാസത്തോളമായി. ഇപ്പോഴും വീടുകൾ ഗുണഭോക്താക്കൾക്കയി തുറന്ന് കൊടുക്കാതെ അടച്ചിട്ട നിലയി തുടരുന്നത്. 12.8 കോടി ചെലവഴിച്ച് നിർമ്മിച്ച ഫ്ലാറ്റുകളിൽ കുടിവെള്ളവും വൈദ്യുതിയും എത്തിക്കാനായുള്ള നടപടികൾ ഇനിയും സ്വീകരിച്ചിട്ടില്ല എന്നതാണ് വിതരണത്തിന് തടസമായി നിൽക്കുന്നത്. ഓഖി ദുരന്തത്തിൽ പൊഴിയൂരിലെ മത്സ്യത്തൊഴിലായികളായ നിരവധിപേർക്ക് (45ഓളം) ജീവൻ നഷ്ടപ്പെട്ടതിന് പുറമെ പലരെയും കാണാതായിട്ടുമുണ്ട്. ഓഖി ദുരന്തത്തെ തുടർന്ന് അതിർത്തിക്കപ്പുറത്ത് തമിഴ്നാടിന്റെ പുലിമുട്ട് നിർമ്മാണങ്ങൾ പുരോഗമിക്കവേ തന്നെ പല തവണ കടലാക്രമണങ്ങൾ ഉണ്ടായി. അപ്പോഴെല്ലാം തന്നെ പൊഴിയൂരിൽ വീടുകൾ അപകടത്തിൽ പെടുന്നത് പതിവായി. വിവരങ്ങൾ അപ്പപ്പോൾ അധികൃതരെ അറിയിച്ചിരുന്നു എങ്കിലും തുടർ നടപടികൾ സ്വീകരിച്ചില്ല. ഇതിനെതിരെ നാട്ടുകാർ പലതവണ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. മത്സ്യത്തൊഴിലാളികൾ തെരുവുകളിൽ കുടിൽകെട്ടി താമസിച്ചിട്ട് പോലും അവരെ പുനരധിവസിപ്പിക്കുന്നതിനായി നിർമ്മിച്ച ഫ്ലാറ്റുകൾ പൂട്ടിത്തന്നെ തുടരുന്നു.

ഓഖിബാധിതർക്ക് പുനരധിവാസത്തിനായി നിർമ്മിച്ചത്...... 128 ഫ്ലാറ്റുകൾ

ഫ്ലാറ്റുകൾ ഉദ്ഘാടനം ചെയ്തിട്ട് .... 4മാസം

നിർമ്മാണത്തിന് ചെലവായത്............ 12.8 കോടി

ആശങ്കയിൽ ജനം

കടലാക്രമണത്തിൽ നൂറോളം മത്സ്യത്തൊഴിലാളികളുടെ വീടുകളും തീരദേശ റോഡും തകർന്നു.

നിരവധിപേർക്ക് ഉപജീവന മാർഗവും നഷ്ടമായി ജില്ലാ കളക്ടർ സ്ഥലത്തെത്തി ദുരിതങ്ങൾ നേരിട്ട് ബോദ്ധ്യപ്പെട്ട ശേഷം പൊതുമരാമത്ത് മന്ത്രിയും ഫിഷറീസ് മന്ത്രിയും സ്ഥലത്തെത്തി നിരവധി വാഗ്ദാനങ്ങൾ നൽകി മടങ്ങിയെങ്കിലും മത്സ്യതൊഴിലാളികളുടെ ദുരിതങ്ങൾക്ക് എന്നാണ് അറുതിയുണ്ടാവുന്നത് എന്ന ആശങ്കയിലാണ് ഇപ്പോഴും.

നാട്ടുകാരുടെ ആവശ്യങ്ങൾ :

1 ഓഖി ദുരിതബാധിതരെ പുരധിവസിപ്പിക്കുന്നതിനായി നിർമ്മിച്ച ഫ്ലാറ്റുകളിൽ കുടിവെള്ളവും വൈദ്യുതിയും ലഭ്യമാക്കി തുറന്ന് കൊടുക്കുക.

2. കടൽ ക്ഷോഭത്തെ തുടർന്ന് വീടുകൾ തകർന്നവർക്കായി പുതിയ വീടുകൾ അടിയന്തരമായി നിർമ്മിച്ച് നൽകുക,

3. നിരന്തരം നടർന്നുകൊണ്ടിരിക്കുന്ന കടലാക്രമണത്തെ നേരിടുന്നതിനായി ശക്തമായ കടൽ ഭിത്തി, പുലിമുട്ട് എന്നിവ നിർമ്മിക്കുക

4. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പ് വരുത്തുക,

5 പൊഴിയൂരിലെ നിർദ്ദിഷ്ട മത്സ്യബന്ധന തുറമുഖം യാഥാർത്ഥ്യമാക്കുക

പ്രതികരണം: മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി പൊഴിയൂരിൽ നിർമ്മിച്ചിട്ടുള്ള ഫ്ലാറ്റുകളിൽ കുടിവെള്ളവും വൈദ്യുതിയും എത്തിച്ച് വിതരണം നടത്തുന്നതിനോടൊപ്പം ടൗട്ടൊ ചുഴലിക്കാറ്റിനെ തുടർന്ന് ഉണ്ടായ കടലക്രമണത്തിലൂടെ വീട് നഷ്ടപ്പെട്ടവർക്കായി പുതിയ വീടുകൾ നിർമ്മിച്ച് നൽകുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം.

ജി. സുധാർജ്ജുനൻ, പ്രസിഡന്റ് കുളത്തൂർ ഗ്രാമ പഞ്ചായത്ത്

ഫോട്ടോ: 1 പൊഴിയൂരിൽ മത്സ്യത്തൊഴിലാളികൾക്കായി നിർമ്മിച്ച ശേഷം കുടിവെള്ളവും വൈദ്യുതിയും ലഭ്യമാക്കാത്തത് കാരണം വിതരണം ചെയ്യാതെ നോക്കുകുത്തിയായി അവശേഷിക്കുന്ന പൊഴിയൂരിലെ 128 ഫ്ലാറ്റുകൾ ഉൾപ്പെടുന്ന മൂന്ന് സമുച്ചയങ്ങൾ. 2. ടൗക്‌തേ ചുഴലിക്കാറ്റിനെ തുടർന്നുള്ള കടലാക്രമണത്തിൽ വീടുകൾ തകർന്ന് പൊഴിയൂരിലെ സെന്റ്. മാത്യുസ് ഹൈ സ്‌കൂളിലെ ദുരിതാശ്വസ ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾ.