തിരുവനന്തപുരം: പാറ്റൂരിലെ വെയിറ്റിംഗ് ഷെഡിലെ പോരായ്‌മകൾ തീർക്കാൻ നഗരസഭാ സെക്രട്ടറിയും പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയറും റോഡ് ഫണ്ട് ബോർഡ് മേധാവിയും സംയുക്തമായി നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഏതെങ്കിലും ഒരു വകുപ്പ് മാത്രം പരിഹരിക്കേണ്ട വിഷയമാണെങ്കിൽ അതനുസരിച്ചുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നും അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. 4 ജി.ഐ പൈപ്പുകൾ കോൺക്രീറ്റ് ചെയ്‌ത് ഇരുമ്പ് ഷീറ്റ് കൊണ്ട് നിർമ്മിച്ചതാണ് വെയിറ്റിംഗ് ഷെഡ്. ഇവിടെ യാത്രക്കാർക്ക് ഇരിക്കാൻ സ്ഥലമില്ല. ഇരിക്കാനുണ്ടായിരുന്ന സീറ്റിംഗ് ആരോ എടുത്തുമാറ്റി.

പൊതുമരാമത്ത്, കേരള റോഡ് ഫണ്ട് ബോർഡ് എന്നിവിടങ്ങളിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് വാങ്ങി. വെയിറ്റിംഗ് ഷെഡിന്റെ കാര്യത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് കമ്മിഷനെ അറിയിച്ചു. നഗരസഭയ്‌ക്കാണ് ഉത്തരവാദിത്വമെന്ന് റോഡ് ഫണ്ട് ബോർഡും വ്യക്തമാക്കി. പൊതുമരാമത്ത് റോഡിന് സമീപമുള്ള നിർമ്മാണത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന് നഗരസഭയും അറിയിച്ചു. വെയിറ്റിംഗ് ഷെഡിന്റെ അപാകതകൾ പരിഹരിക്കാൻ പറയുമ്പോൾ വകുപ്പുകൾ പരസ്‌പരം പഴിചാരി ഒഴിഞ്ഞുമാറുന്നത് ശരിയല്ലെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. ഉത്തരവിന്മേൽ സ്വീകരിച്ച നടപടികൾ നഗരസഭാ സെക്രട്ടറി, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടർ, കേരള റോഡ് ഫണ്ട് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എന്നിവർ സമർപ്പിക്കണമെന്നാണ് നിർദ്ദേശം. എസ്. മണിമേഖല നൽകിയ പരാതിയിലാണ് നടപടി.