mookunnimala

മലയിൻകീഴ്:മൂക്കുന്നിമലയിൽ നിർമ്മിച്ച പൊതുശ്മശാനത്തിന്റെ താക്കോൽ ഇന്നലെ രാവിലെ വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ലാലിക്ക് മുൻ ഗ്രാമപഞ്ചായത്ത് അംഗം മുരളി കൈമാറി.കോൺഗ്രസ് നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ മലയം സാം ടി.കോട്ടേജിൽ ടി.ബിനുതോമസ് രേഖാമൂലം വിട്ട് നൽകിയ സ്ഥലത്താണ് കൊവിഡ് മരണം സംഭവിക്കുന്നവർക്കായി താത്കാലിക ശ്മശാനം ഒരുക്കിയത്.കൊവിഡ് മരണങ്ങൾ ഉയർന്നതോടെ വിളവൂർക്കൽ ഗ്രാമപഞ്ചായത്തിൽ മൃതദേഹം സംസ്കരിക്കുന്നതിന് ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ക്രിമിറ്റോറിയം,ടോയ്‌ലെറ്റ് ഉൾപ്പെടെയുള്ളവ സൗജന്യമായി നിർമ്മിച്ച് നൽകിയത് മുൻ വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് അംഗം മുരളിയാണ്. ശ്മശാനത്തിനെതിരെ പ്രദേശവാസികൾ ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും കളക്ടർക്ക് പരാതി നൽകുകയും ചെയ്തു.ആക്ഷൻ കൗൺസിൽ ഭാരവാഹികളെ കളക്ടർ 23ന് ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഇന്നലെ രാവിലെയും ആക്ഷൻകൗൺസിൽ പ്രവർത്തകർ പ്രദേശത്ത് തടിച്ച് കൂടിയിരുന്നു.നേമം സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്ന് 23 ന് ശേഷമേ മൃതദേഹം സംസ്കരിക്കുകയുള്ളൂവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലാലി അറിയിച്ചു.ഗ്രാമപഞ്ചായത്ത് ഭരണസമിതി ഏകകണ്ഠമായാണ് സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചത്.പള്ളിച്ചൽ പഞ്ചായത്തിനും ഈ ശ്മശാനത്തിന്റെ പ്രയോജനമുണ്ടാകുമെന്നും ഒരേസമയം രണ്ട് മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനാകുമെന്നും പ്രസിഡന്റ് പറഞ്ഞു.

caption മൂക്കുന്നിമലയിൽ സൗജന്യമായി നിർമ്മിച്ച പൊതു ശ്മശാനത്തിന്റെ താക്കോൽ മുരളി പഞ്ചായത്ത് പ്രസിഡന്റ് ടി.ലാലിക്ക് കൈമാറുന്നു

(2)മൂക്കുന്നിമലയിലെ താത്കാലിക ശ്മശാനത്തിൽ പ്രസിഡന്റ് ലാലി,വൈസ് പ്രസിഡന്റ് ജി.കെ.അനി എന്നിവർ സമീപം.