വർക്കല: പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ മൂതല ഗവ. എൽ.പി സ്കൂളിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതിരുന്ന എല്ലാ വിദ്യാർത്ഥികൾക്കും സ്‌മാർട്ട് ഫോൺ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. 'നമ്മുടെ ഗ്രാമം മൂതല' എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ് ജനകീയ കൂട്ടായ്മയിലൂടെ സ്‌മാർട്ട് ഫോണുകൾ സംഘടിപ്പിച്ച് സ്കൂളിന് നൽകിയത്. ഇതോടെ 1 മുതൽ 4 വരെയുള്ള ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സ്‌മാർട്ട് ഫോണുള്ള വിദ്യാലയമായി മൂതല സ്കൂളിനെ എം.എൽ.എ പ്രഖ്യാപിച്ചു. സ്കൂളിലെ പ്രീ പ്രൈമറി, ഒന്നാം ക്ലാസ് കുട്ടികൾക്കുളള പഠനോപകരണ വിതരണവും അദ്ദേഹം നിർവഹിച്ചു. എസ്.എം.സി ചെയർമാൻ നൗഫൽ അദ്ധ്യക്ഷത വഹിച്ചു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷീബ, രമ്യ, അംഗങ്ങളായ ഷിബിലി, അനിൽകുമാർ, വാട്ടസ്ആപ്പ് ഗ്രൂപ്പ് ഭാരവാഹികളായ ദിലീപ്, നജീബ്, ദീപു എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ മനോജ് ബി.കെ. നായർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കവിത നന്ദിയും പറഞ്ഞു.