vehicle-checking

നാഗർകോവിൽ: തമിഴ്‌നാട്ടിൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകിയതോടെ കന്യാകുമാരിയിൽ ജനങ്ങൾ വീണ്ടും തെരുവിൽ സജീവമായി തുടങ്ങി. ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതോടെയാണ് കൂടുതൽ വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി നൽകിയത്. പാൽ, പച്ചക്കറി, പഴക്കട, മത്സ്യം,​ ഇറച്ചിക്കട, പലചരക്ക്ക്കട, ബേക്കറി എന്നിവ രാവിലെ 6 മുതൽ വൈകിട്ട് 5 വരെയാണ് കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഇളവുകളുണ്ടായിരുന്ന മൂന്ന് ദിവസവും റോഡുകളിൽ രാവിലെ മുതൽ ജനങ്ങളുടെ നീണ്ട നിരയായിരുന്നു. സമൂഹിക അകലം പാലിക്കാത്ത മിക്കയിടങ്ങളിലും തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഇടപെട്ടു. വൈകിട്ട് അഞ്ചു മണിക്ക് ശേഷവും തുറന്ന് പ്രവർത്തിച്ച കടകൾ പൊലീസ് അടപ്പിച്ചു.

ലോക്ക് ഡൗൺ ഇളവുകൾ നൽകിയാലും അനാവശ്യമായി തെരുവിൽ ഇറങ്ങിയ ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസും കർശന പരിശോധനയുമായുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മാസ്ക് ധരിക്കാതെ വന്ന 1582 പേർക്കും, 71 പേർക്ക് സാമൂഹിക അകലം പാലിക്കാതതിനുമായി പിഴ ഈടാക്കുകയും ചെയ്തു. 95 പേർക്ക് കേസെടുക്കുകയും 95 വാഹനങ്ങളും പിടിച്ചെടുക്കുകയും ചെയ്തു.

393 പേർക്ക് കൊവിഡ്

കന്യാകുമാരി ജില്ലയിൽ ഇന്നലെ 393 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 50744 ആയി. ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കുറഞ്ഞു വന്നാലും മരണനിരക്ക് കൂടുന്നതിൽ ജനങ്ങൾ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം ജില്ലയിൽ 12 കൊവിഡ് മരങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1094 ആയി. നിലവിൽ 6093 പേർ ജില്ലയിൽ കൊവിഡ് ചികിത്സയിലുണ്ട്. 43557 പേർ ഇതുവരെ രോഗമുക്തരായി.