പാറശാല: കൊവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ചെറുവാരക്കോണത്തെ സി.എസ്.ഐ കോളേജ് ഒഫ് എഡ്യൂക്കേഷനും. കോളേജിലെ തന്നെ വിദ്യാർത്ഥികളും നിർദ്ധനരുമായ 11 പേർക്കുളള സാമ്പത്തിക സഹായവും നോട്ട് ബുക്ക് വിതരണവും, ചെറുവാരക്കോണം വാർഡിലെ 16 കുടുംബങ്ങൾക്ക് 21 ഇന ഭക്ഷ്യക്കിറ്റ് വിതരണവും നോട്ട് ബുക്ക് വിതരണവും, ചെറുവാരക്കോണത്തെ അൻപുനിലയം, കരുണാലയം എന്നിവിടങ്ങളിലെ അന്തേവാസികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം, പൊലീസ് ഉദ്യോഗസ്ഥർ, പാറശാല സി.എഫ്.എൽ.ടി.സിയിലെ ജീവനക്കാർക്കുള്ള കൊവിഡ് സുരക്ഷാ കിറ്റ് വിതരണം എന്നിവയാണ് പദ്ധതിയിലൂടെ നടപ്പിലാക്കിയത്. കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ വിതരണോദ്‌ഘാടനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ഡോ. ടി.ടി. പ്രവീൺ മുഖ്യ പ്രഭാഷണം നടത്തി. പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ചുസ്മിത,വാർഡ് മെമ്പർ സുധാമണി എന്നിവർ സംസാരിച്ചു.കോളേജ് മാനേജർ സത്യരാജ്,ബർസാർ സുമൻ, പ്രിൻസിപ്പൽ ഡോ.സജിത് സി.രാജ്,സ്റ്റാഫ് കോ ഒാർഡിനേറ്റർമാരായ ഡോ. ഷീജ, സുബിൻ ഐ. ബോസ്,സ്റ്റുഡന്റ് കോ ഒാർഡിനേറ്റർ സിദ്ധാർത്ഥ് തുടങ്ങിയവർ പങ്കെടുത്തു.