തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി നിയമനത്തിന് സംസ്ഥാന സർക്കാർ കൈമാറിയ 12 മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പട്ടികയിൽ നിന്ന് മൂന്നു പേരെ യു.പി.എസ്.സി ഒഴിവാക്കി.
മുപ്പതു വർഷം സേവനം പൂർത്തിയാക്കിയവരെയെല്ലാം പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ്, 12 പേരുടെ പട്ടിക കേരളം കൈമാറിയത്. എന്നാൽ ഇതിൽ അഡി.ഡി.ജി.പിമാരായ ഷേഖ് ദർവേഷ് സാഹിബ്, രവാഡാ ചന്ദ്രശേഖർ, സഞ്ജീബ് കുമാർ പട്ജോഷി എന്നിവർ മുപ്പതു വർഷത്തെ സേവനം പൂർത്തിയാക്കിയിട്ടില്ലെന്ന് യു.പി.എസ്.സി കണ്ടെത്തി. 1990ബാച്ചിൽപ്പെട്ട ഷേഖ് ദവേഷ് സാഹിബ് 1991സെപ്തംബറിലും, 1991ബാച്ചിൽപ്പെട്ട സഞ്ജീബ് കുമാറും രവാഡയും സെപ്തംബർ, ഒക്ടോബർ മാസങ്ങളിലുമാണ് സർവീസിൽ ചേർന്നത്. സർവീസിലെത്തിയ മാസത്തിനു പകരം ജനുവരി മുതൽ സർവീസ് കണക്കാക്കിയതാണ് പിഴവായത്. പിഴവ് തിരുത്തി 9 പേരുടെ പുതിയ പട്ടിക യു.പി.എസ്.സിക്ക് അയച്ചിട്ടുണ്ട്.ടോമിൻ തച്ചങ്കരി, അരുൺകുമാർ സിൻഹ, സുധേഷ് കുമാർ, ബി സന്ധ്യ, അനിൽ കാന്ത്, നിധിൻ അഗർവാൾ, എസ്. ആനന്ദകൃഷ്ണൻ, കെ.പത്മകുമാർ, ഹരിനാഥ് മിശ്ര
എന്നിവരാണ് പുതിയ പട്ടികയിൽ.
ജൂൺ 30നാണ് ലോകനാഥ് ബെഹ്റ പൊലീസ് മേധാവി സ്ഥാനമൊഴിയുന്നത്. രാഷ്ട്രീയതാത്പര്യം നോക്കിയുള്ള നിയമനം തടഞ്ഞ സുപ്രീംകോടതി, പൊലീസ് മേധാവി നിയമനം യുപിഎസ്.സി പട്ടികയിൽ നിന്നു വേണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. സർക്കാർ കൈമാറുന്ന പാനലിൽ നിന്ന് മൂന്നു പേരുടെ ചുരുക്കപ്പട്ടിക യു.പി.എസ്.സി നൽകും. ഇതിൽ നിന്ന് സർക്കാരിന് നിയമനം നടത്താം. ഇന്റലിജൻസ് ബ്യൂറോയിലുള്ള രവാഡയും ഹരിനാഥ് മിശ്രയും സംസ്ഥാനത്തേക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
എറ്റവും സീനിയർ ഡി.ജി.പിയായ ടോമിൻ തച്ചങ്കരി പൊലീസ് മേധാവിയാകാനാണ് സാദ്ധ്യത. പക്ഷേ, അനധികൃത സ്വത്ത് സമ്പാദനക്കേസടക്കം കുരുക്കാണ്. 2023 ജൂലായ് വരെ സർവീസുണ്ട്.
സുധേഷ് കുമാറാണ് തൊട്ടുപിന്നിൽ. ക്യാമ്പ് ഫോളോവറായ പൊലീസുകാരനെ സുധേഷിന്റെ മകൾ തല്ലിയതുമായി ബന്ധപ്പെട്ട് കേസുണ്ട്. 2022 ഒക്ടോബർ വരെ സർവീസുണ്ട്.