തിരുവനന്തപുരം: ഡോ.എ.പി. ജെ. അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാലയുടെ ആസ്ഥാന മന്ദിര നിർമ്മാണത്തിന് ഫെബ്രുവരി 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നടത്തിയെങ്കിലും, ഇതിനാവശ്യമായ ഭൂമി ഇതുവരെ ഏറ്റെടുത്തിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ നിയമസഭയെ അറിയിച്ചു. ഐ.ബി.സതീഷാണ് സബ്മിഷനായി വിഷയം ഉന്നയിച്ചത്.
2014ൽ രൂപീകരിച്ച സർവ്വകലാശാലയുടെ ആസ്ഥാനത്തിന് വിളപ്പിൽശാലയിൽ ഭൂമി കണ്ടെത്തിയത് 2018ൽ. സർക്കാർ തത്വത്തിൽ അനുമതി നൽകിയത് 2019ൽ. ഇവിടെ 39.91ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനമായത് ഇൗ വർഷം ജനുവരിയിലും.
220 ഉടമകളിൽ നിന്നായി 39.91 ഹെക്ടർ ഭൂമിയാണ് റവന്യൂ വകുപ്പ് ഏറ്റെടുക്കേണ്ടത്. ഭൂമി കണ്ടെത്തി.വിലയും നിർണ്ണയിച്ചു. എന്നാൽ 202 പേർ ഇതിൽ പരാതി ഉന്നയിച്ചു.വനം വകുപ്പ് മരങ്ങളുടെ വില നിർണ്ണയിച്ചെങ്കിലും, പൊതുമരാമത്ത് വകുപ്പ് കെട്ടിടങ്ങളുടെ വില നിർണ്ണയിച്ചിട്ടില്ല. ഇതെല്ലാം ചേർത്താണ് ഭൂമിക്ക് നഷ്ടപരിഹാരം നൽകുക. ഇതിന് 350 കോടി രൂപ വേണ്ടിവരും. സർവ്വകലാശാല 106.91 കോടിയാണ് നൽകിയത്. ബാക്കി തുകയും നൽകിയാൽ ആറു മാസത്തിനകം ഭൂമി ഏറ്റെടുത്ത് കൈമാറാമെന്നാണ് മന്ത്രി അറിയിച്ചത്. അതിന് ശേഷമാവും കെട്ടിട നിർമ്മാണത്തിന്റെ എസ്റ്റിമേറ്റും രൂപകൽപ്പനയും തയ്യാറാക്കുക.
153 എൻജിനിയറിംഗ് കോളേജുകളും 23 എം.ബി.എ , 25 എം.സി. എ സ്ഥാപനങ്ങളുമാണ് യൂണിവേഴ്സിറ്റിയിലുള്ളത്. കഴിഞ്ഞ ഏഴ് വർഷമായി തിരുവനന്തപുരം സി.ഇ.ടി കാമ്പസിലാണ് പ്രവർത്തനം. വിളപ്പിൽശാലയിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക്, ഓഫീസ് കെട്ടിടങ്ങൾ, ഹോസ്റ്റൽ, സ്റ്റാഫ് ക്വാർട്ടേഴ്സ്, ലൈബ്രറി,ലബോറട്ടറി, സ്പോർട്സ് കോംപ്ളക്സ് എന്നിവയാണ് നിർമ്മിക്കുക.