കാട്ടാക്കട: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടിക്ക് ശുപാർശ. സംഭവത്തിൽ കാട്ടാക്കട സി.ഐ ജോസ് മാത്യു, എസ്.ഐ അനീഷ് എന്നിവരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് കാട്ടാക്കട ഡിവൈ.എസ്.പി എസ്. ഷാജി റേഞ്ച് ഐ.ജി സഞ്ജയ് കുമാർ ഗുരുദിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് അദ്ദേഹം വകുപ്പുതല അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്‌ത് ഐ.ജി ഹർഷിത അട്ടല്ലൂരിക്ക് റിപ്പോർട്ട് കൈമാറിയത്. സംഭവത്തിൽ ഉൾപ്പെട്ട അഞ്ച് പൊലീസുകാർക്കെതിരെയും അച്ചടക്ക നടപടിക്ക് സാദ്ധ്യതയുണ്ട്.

പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുക്കുമ്പോൾ പുലർത്തേണ്ട ഒരു മാനദണ്ഡവും പൊലീസ് പാലിച്ചില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇക്കഴിഞ്ഞ ആറിന് അഞ്ചുതെങ്ങിൻമൂട് യോഗീശ്വര ക്ഷേത്രത്തിന് സമീപം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്ന കുട്ടികളെയാണ് കാട്ടാക്കട പൊലീസ് ക്രൂരമായി മർദ്ദിച്ചത്. കഞ്ചാവ് ഉപയോഗിച്ചെന്നും അശ്ലീല ദൃശ്യങ്ങൾ കണ്ടെന്നും ആരോപിച്ചായിരുന്നു മർദ്ദനം. എന്നാൽ ആരോപണം തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.

സംഭവത്തിൽ രക്ഷിതാക്കൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ബാലാവകാശ കമ്മിഷനും ഉൾപ്പെടെ പരാതി നൽകുകയു ചെയ്‌തു. പിറ്റേദിവസം ബാലാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ കെ.വി. മനോജ് കുമാർ മർദ്ദനത്തിനിരയായ കുട്ടികളെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. വിദ്യാർത്ഥികളെ മർദ്ദിക്കാനുപയോഗിച്ച കേബിൾ ബാലാവകാശ കമ്മിഷൻ നേരിട്ട് പൊലീസ് ജീപ്പിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. കാട്ടാക്കട ഡിവൈ.എസ്.പി രക്ഷിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു.