തിരുവനന്തപുരം: സംസ്ഥാന അഡിഷണൽ അഡ്വക്കേറ്റ് ജനറൽമാരായി അഡ്വ. അശോക് എം. ചെറിയാൻ, അഡ്വ. കെ.പി ജയചന്ദ്രൻ എന്നിവരെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശിയായ അശോക് എം. ചെറിയാൻ നാലുപതിറ്റാണ്ടിലേറെയായി ഹൈക്കോടതി അഭിഭാഷകാണ്. ആൾ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ എക്സിക്യുട്ടീവ് അംഗവുമാണ്. എം.ജി സർവകലാശാല, കെ.എസ്.ഇ.ബി തുടങ്ങിയവയുടെ സ്റ്റാൻഡിംഗ് കൗൺസലാണ്. പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മിഷൻ അംഗമായിരുന്നു. പരേതനായ അഡ്വ. എം.എം ചെറിയാന്റെ മകനാണ്.

36 വർഷമായി ഹൈക്കോടതിയിലും തിരുവനന്തപുരത്തും പ്രാക്ടീസ് ചെയ്യുന്ന കെ.പി ജയചന്ദ്രൻ, സി.പി.ഐ അഭിഭാഷക സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഒഫ് ലോയേഴ്സിന്റെ സംസ്ഥാന പ്രസിഡന്റാണ്. സംസ്ഥാന ബാർ കൗൺസിൽ മുൻ ചെയർമാനും നിലവിൽ അംഗവുമാണ്. വിവിധ സ്ഥാപനങ്ങളുടെ നിയമോപദേശകനായ ഇദ്ദേഹം തിരുവനന്തപുരം നഗരസഭയുടെയും അഡ്വക്കേറ്റായിരുന്നു. പരേതരായ മുൻ വാഴൂർ എം.എൽ.എ കടയനിക്കാട് പുരുഷോത്തമൻ പിള്ളയുടെയും എ.കെ.സുഭദ്രാമ്മയുടെയും മകനാണ്. ധനലക്ഷ്മി ബാങ്ക് മുൻ മാനേജർ അഡ്വ.കെ.ആർ. ലക്ഷ്മിദേവിയാണ് ഭാര്യ. പാർവതി, ശിവറാം എന്നിവർ മക്കളും അജയ് നായർ, ദിവ്യശ്രി എന്നിവർ മരുമക്കളുമാണ്.

അഡിഷണൽ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷനും അഡിഷണൽ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറുമായി അഡ്വ. ഗ്രേഷ്യസ് കുര്യാക്കോസിനെയും,സ്റ്റേറ്റ് അറ്റോർണിയായി അഡ്വ. എൻ. മനോജ് കുമാറിനെയും നിയമിക്കും. കണ്ണൂർ തളിപ്പറമ്പു സ്വദേശിയായ ഗ്രേഷ്യസ് കുര്യാക്കോസ് മാംഗ്ളൂർ സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെയാണ് എൽ.എൽ.ബി പാസായത്. സുപ്രീം കോടതിയിൽ ബാർ കൗൺസിൽ ഫെലോഷിപ്പോടു കൂടി പരിശീലനം നേടിയശേഷമാണ് ഹൈക്കോടതിയിൽ പ്രാക്ടീസിനെത്തിയത്. തലശേരി, കല്പറ്റ, പയ്യന്നൂർ നഗരസഭകളുടെയും കേരള ബാർ കൗൺസിലിന്റെയും സ്റ്റാൻഡിംഗ് കൗൺസലായിരുന്നു.

എൻ.മനോജ് കുമാർ 1992 ൽ ഹൈക്കോടതിയി​ൽ പ്രാക്ടീസ് തുടങ്ങി. അഡിഷണൽ ഗവ. പ്ളീഡർ, സീനിയർ ഗവ. പ്ളീഡർ, സ്പെഷ്യൽ ഗവ. പ്ളീഡർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും മലബാർ ദേവസ്വത്തിന്റെയും സ്റ്റാൻഡിംഗ് കൗൺസലായിരുന്നു. ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി വൈസ് ചെയർമാനും ആൾ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമാണ്.

ഹൈക്കോടതിയിൽ സീനിയർ ഗവ. പ്ലീഡറായ പി. നാരായണനെ അധിക സാമ്പത്തിക ബാധ്യത കൂടാതെ അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കും. കണ്ണൂർ സ്വദേശിയായ നാരായണൻ 25 വർഷമായി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന കൗൺസിൽ അംഗമാണ്. നിരവധി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സ്റ്റാൻഡിംഗ് കൗൺസലാണ്.